
അമേസ് ഫെയ്സ്ലിഫ്റ്റിന്റെ ബുക്കിങ് ഹോണ്ട സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ട്. 21000 രൂപ നൽകി ഹോണ്ട ഡീലർഷിപ്പിൽ നിന്നോ, 5000 രൂപ നൽകി ഓൺലൈനായോ പുതിയ കാർ ബുക്ക് ചെയ്യാം. അല്പം പരിഷ്കാരങ്ങൾ വരുത്തിയാണു ഹോണ്ട വീണ്ടും അമേസുമായി എത്തുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന അമേസ് ഹോണ്ട പല വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്.
പുത്തൻ രൂപകൽപനയുള്ള അലോയ് വീൽ, പൂർണമായും എൽഇഡി ഹെഡ്ലാംപ്, നവീകരിച്ച ബംപർ തുടങ്ങിയവയാവും കാറിന്റെ പുറംഭാഗത്തെ പരിഷ്കാരങ്ങൾ. അമേസ് പുത്തൻ നിറങ്ങളിലും വിൽപനയ്ക്കെത്തിയേക്കാം. അകത്തളത്തിലാവട്ടെ സീറ്റുകൾക്കു പുത്തൻ ഫാബ്രിക്കിലുള്ള അപ്ഹോൾസ്ട്രി നൽകും. അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും നവീകരിച്ച അമേസിന്റെ വരവ്. 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാവും കാറിനു കരുത്തേകുക. കാറിലെ ഐ – വിടെക് പെട്രോൾ എൻജിന് 90 ബി എച്ച് പിയോളം കരുത്തും 110 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും സിവിടിയുമാണ് ഈ എൻജിനുമായി ചേർത്തുവെയ്ക്കുക.
റിപ്പോർട്ട് അനുസരിച്ച് ട്രാൻസ്മിഷൻ മാനുവൽ ആണെങ്കിൽ കാറിലെ എർത്ത്ഡ്രീംസ് ഡീസൽ എൻജിന് 100 ബി എച്ച് പി വരെ കരുത്തും 200 എൻഎം ടോർക്കുമാണു ഉത്പാദിപ്പിക്കുക. അതേസമയം സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സ് ഇടംപിടിക്കുമ്പോൾ ഇതേ എൻജിൻ 80 ബി എച്ച് പി വരെ കരുത്തും 160 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടേയ് ഓറ, ടാറ്റ ടിഗൊർ, ഫോഡ് ആസ്പയർ, ടൊയോട്ട എത്തിയോസ് തുടങ്ങിയ മോഡലായിരിക്കും അമേസിന്റെ എതിരാളികൾ






