ഡല്‍ഹി ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് കൊമാകി പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള ഒരു ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്കൂട്ടറാണിത്.
കൊമാകി XGT-X5 എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ആണ് വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോർട്ട്. VRLA ജെല്‍ ബാറ്ററി വേരിയന്റിന് 72,500 രൂപയും ലിഥിയം അയണ്‍ ബാറ്ററി വേരിയന്റിന് 90,500 രൂപയുമാണ് എക്സ്ഷോറൂം വില. ബാലന്‍സ് നിലനിര്‍ത്തുന്നതിനായി കൊമാകി XGT-X5-ന് പിന് ചക്രത്തിനൊപ്പം രണ്ട് വശങ്ങളിലും അധിക ടയറുകള്‍ ലഭിക്കുന്നു.ഒരു ടെലിസ്കോപിക് ഫോര്‍ക്ക് മുന്നിലെ ടയറുകള്‍ക്ക് നൽകി. പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളാണ് ഉള്ളത്. ലിഥിയം അയോണ്‍ അല്ലെങ്കില്‍ VRLA ജെല്‍ ബാറ്ററിയുമായി 60V/ 72V ഇലക്ട്രിക് മോട്ടോര്‍ ബന്ധിപ്പിച്ചിരിക്കുന്നു (രണ്ടും 20-30Ah ശേഷി വാഗ്ദാനം ചെയ്യുന്നു).
രണ്ട് ഇലക്ട്രിക് സ്കൂട്ടര്‍ വകഭേദങ്ങളും പൂര്‍ണ ചാര്‍ജില്‍ 80-90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. റിവേഴ്സ് പാര്‍ക്ക് ഫംഗ്ഷന്, മെക്കാനിക്കല്‍ പാര്‍ക്കിംഗ് ബ്രേക്ക്, റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയര്‍ സ്വിച്ച് എന്നിവയും സ്കൂട്ടറിലെ സവിശേഷതകളാണ്. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകള്‍, ആന്റി-തെഫ്റ്റ് ലോക്ക് ഉള്ള ഒരു റിമോട്ട് കീ, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഡിആര്‍എല്ലുള്ള ഒരു എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ഔദ്യോഗിക വെബ്സൈറ്റില്‍ ബുക്കിംഗ് സൗജന്യമാണെന്നും കമ്പനി അറിയിച്ചു.






