
തിരുവനന്തപുരം: വാഹനാപകടങ്ങളിൽ നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണമെന്നാണ് നിർദേശം. കൂടാതെ, ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്.
വാഹനാപകട അന്വേഷണരീതിയിൽ കാതലായ മാറ്റമാണ് കേന്ദ്ര മോട്ടോർവാഹന ചട്ടഭേദഗതിയിലൂടെ വരുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അപകടവുമായി ബന്ധപ്പെട്ട ക്രൈം കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് കുറ്റപത്രം നൽകണം. വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകണം.
ഇൻഷുറൻസ് കമ്പനികളുടെ നടപടിക്രമം വേഗത്തിലാക്കാൻ സ്റ്റേറ്റ് നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്, ചികിത്സാരേഖകൾ എന്നിവ 15 ദിവസത്തിനുള്ളിൽ, ആശുപത്രികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണമെന്നും നിർദേശമുണ്ട്.






