
മൂന്ന് കോടി രൂപ മുടക്കി ഒരു ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ തയ്യാറാണോ? എങ്കിൽ ബഹിരാകാശത്തേക്ക് ഒരു യാത്ര പോയിട്ടുവരാം. റിച്ചാർഡ് ബ്രാൻസൻെറ ബഹിരാകാശ വാഹന കമ്പനിയായ വിർജിൻ ഗാലക്റ്റിക് സ്പേസ് ഫ്ലൈറ്റ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഒരു സീറ്റിന് 450,000 ഡോളർ (ഏകദേശം 3,3 കോടി രൂപ) മുതൽ ആണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിലൂടെയും ഇതിനായി രജിസ്റ്റര്‍ ചെയ്യാം.
ആഗസ്റ്റ് അഞ്ച് മുതലാണ് ബഹിരാകാശ യാത്രകൾക്കായി ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. സ്വന്തം ബഹിരാകാശ വാഹനത്തിൽ ബ്രാൻസൺ തന്നെ യാത്ര നടത്തി ഏതാനും ആഴ്ചകൾക്കു ശേഷമാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. റിപ്പോർട്ട് പ്രകാരം ജൂലൈ 11 ന് സ്പേസ് ഫ്ലൈറ്റിൽ ന്യൂ മെക്സിക്കോ മരുഭൂമിക്ക് മുകളിൽ 50 മൈൽ ദൂരത്തിൽ വിർജിൻ ഗാലക്റ്റിക് റോക്കറ്റ് യാത്ര വിജയകരമായി പരീക്ഷിച്ചിരുന്നു.
പതിനേഴു വർഷം മുമ്പുള്ള ബ്രാൻസൻെറ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പ്രഖ്യാപനം വന്നതിന് ശേഷം കമ്പനിയുടെ ഓഹരികൾ ഉയര്‍ന്നു. അഞ്ച് ശതമാനമാണ് ഓഹരി വില ഉയർന്നതെന്നാണ് സൂചന. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാൻ യുഎസ് ഏവിയേഷൻ സേഫ്റ്റി റെഗുലേറ്ററിൽ നിന്ന് വിർജിൻ ഗാലക്റ്റിക്സിന് അംഗീകാരം ലഭിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവര്‍ക്കാണ് യാത്ര നടത്താൻ സാധിക്കുക എന്നാണ് റിപ്പോർട്ട്.






