
പോലീസുകാര്‍ നോക്കി നില്‍ക്കെ ക്യാബ് ഡ്രൈവറെ പൊതുജന മധ്യത്തില്‍ തല്ലിയ ലഖ്നൗവിലെ ഒരു പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യുവതിയ്ക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. #ArrestLucknowGirl എന്ന ഹാഷ്ടാഗും യുവതി ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോയും ട്വിറ്ററില്‍ ട്രന്‍ഡിംഗായിരുന്നു. ക്യാബ് ഡ്രൈവറുടെ പക്കല്‍ നിന്നും 600 രൂപ മോഷ്ടിച്ചതിനും മൊബൈല്‍ ഫോണ്‍ തകര്‍ത്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇപ്പോളിതാ യുവതിയുടെ തന്നെ മറ്റൊരു വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. യുവതി തന്റെ അയല്‍വാസികളോട് തട്ടിക്കേറുന്നതാണ് പുതിയ വീഡിയോയിലുള്ളത്. അയൽവാസി അവരുടെ വീടിന്റെ ചില ഭാഗങ്ങളില്‍ കറുത്ത പെയിന്റ് അടിച്ചതിനെച്ചൊല്ലി യുവതി അവരുമായി തര്‍ക്കിക്കുന്നത് കാണാം.
കറുത്ത പെയിന്റ് അടിക്കുന്നത് 'അന്താരാഷ്ട്ര ഡ്രോണുകളെ' ആകര്‍ഷിക്കുകയും അയല്‍വാസികളെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പറഞ്ഞാണ് യുവതി അയൽവാസിയുമായി തർക്കിക്കുന്നത്. മാത്രമല്ല, യുവതി അയല്‍ക്കാരോട് 'ആന്റി-ബ്ലാക്ക്' പെയിന്റ് ഉപയോഗിച്ച് നേരത്തെ പെയിന്റ് അടിച്ച ഭാഗം വീണ്ടും പെയിന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് കാണാം.
'അന്താരാഷ്ട്ര ഡ്രോണുകള്‍ ഈ പ്രദേശത്ത് പറന്നു കൊണ്ടിരിക്കുകയാണ്. വീടിന് കറുത്ത പെയിന്റ് അടിക്കുന്നത് കോളനിയിലെ ആളുകളുടെ ജീവന് അപകടത്തിലാകുമെന്ന്' പെണ്‍കുട്ടി പറയുന്നത് കാണാം. തുടർന്ന് പോലീസ് സംഭവ സ്ഥലത്തു എത്തി യുവതിയോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും അയല്‍ക്കാരെ പറഞ്ഞ് മനസ്സിലാക്കി സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
'ബരാക് ഹുസൈന് ഒബാമ അവളുടെ പിതാവാണ്'എന്ന് അയല്ക്കാരന് തന്നോട് പറഞ്ഞതായും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും യുവതിയോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍, തനിക്ക് ഇന്ത്യയിലെ യുവാക്കളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നതും കാണാം. ഈ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിരിക്കുന്നത്. എന്നാൽ, ഇത് ക്യാബ് ഡ്രൈവറെ ആക്രമിച്ചതിന് മുമ്പ് ഉണ്ടായ സംഭവമാണെന്നും ചില റിപ്പോർട്ടുകളുണ്ട്.






