
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് മോട്ടോർ സൈക്കിൾ ഉപയോഗിച്ച് ഏറ്റവും വലിയ ലോഗോ സാക്ഷാത്കരിച്ച് ലോക റെക്കോഡുകളുടെ ഗിന്നിസ് ബുക്കിൽ ഇടംനേടിയതായി റിപ്പോർട്ട്. ഹോണ്ടയുമായി പിരിഞ്ഞ് സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ച് പത്തു വർഷം പിന്നിട്ടതിന്റെ ഭാഗമായി 1,845 ‘സ്പ്ലെൻഡർ’ മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ചു ഹീറോ പടുകൂറ്റൻ കമ്പനി ലോഗോ യാഥാർഥ്യമാക്കിയത്.
റെക്കോഡിട്ട ഈ ലോഗോയ്ക്കു വേദിയായത് ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ഹീറോ മോട്ടോ കോർപ് നിർമാണശാല പരിസരമാണ്. 1000 അടി നീളവും 800 അടി വീതിയുമുള്ള സ്ഥലത്താണു ‘സ്പ്ലെൻഡർ’ ബൈക്കുകൾ ഉപയോഗിച്ചുള്ള ‘ഹീറോ’യുടെ ലോഗോ നിർമിച്ചത്. അത്ര എളുപ്പമല്ല ഈ ഭീമാകാരൻ ലോഗോ യാഥാർഥ്യമാക്കാനെന്നും ഈ ലക്ഷ്യം കൈവരിക്കാൻ കഠിന പരിശ്രമം ആവശ്യമാണെന്നും ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് വിധിനിർണയ സമിതിയുടെ അഭിപ്രായം.
മോട്ടോർ സൈക്കിൾ ഉപയോഗിച്ചു ലോഗോ തയാറാക്കുന്നതിൽ ഏറെ വെല്ലുവിളികളുണ്ട്. ഈ ഉദ്യമം വിജയിക്കാൻ കാരണം കൃത്യതയാർന്ന ആസൂത്രണവും മികവുറ്റ സാക്ഷാത്കാരവുമാണെന്ന് ഗിന്നസ് വേൾഡ് റെക്കോഡ്സിൽ നിന്നുള്ള വിധികർത്താവായ സ്വപ്നിൽ ഡാംഗരികർ വ്യക്തമാക്കുന്നു. അദ്ദേഹം ഓൺലൈനിലൂടെയാണു ലോഗോ പൂർത്തിയാക്കാൻ ഹീറോ മോട്ടോ കോർപ് നടത്തിയ പരിശ്രമം വിലയിരുത്തിയത്.






