ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ടിക്ടോക്കിന്റെ കുതിപ്പ് ഇപ്പോഴും തുടരുന്നു. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും നിരോധനം നേരിടുമ്പോഴും ഈ നേട്ടം അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ഫേസ്ബുക്കിനെ രണ്ടാം സ്ഥാനത്താക്കി ടിക്ടോക് ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക്ടോക്കിന്റെ ഉടമസ്ഥർ.
ഗൂഗിള്‍പ്ലേ സ്റ്റോറിന്റെ വിവിധ രാജ്യങ്ങളിലെ കണക്കില്‍ ഡൗൺലോഡിങ് പട്ടികയിൽ ടിക്ടോക് ഒന്നാമതെത്തിയിരുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഡൗണ്‍ലോഡിംഗില്‍ ടിക്ടോക്കിന് പിന്നിലാണ് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് മെസഞ്ചർ എന്നിവയൊക്കെ എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ആദ്യമായി സമൂഹ മാധ്യമ ആപ്പുകളുടെ ഡൗൺലോഡിങ് പട്ടികയിൽ ടിക്ടോക്ക് ഒന്നാമതെത്തിയെന്ന് നിക്കി ഏഷ്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും ഈ വീഡിയോ ആപ്പിന്റെ ആവശ്യക്കാരെ വര്‍ദ്ധിപ്പിച്ചു. നിക്കി ഏഷ്യയുടെ റിപ്പോർട്ട് പ്രകാരം യൂറോപ്പിലും അമേരിക്കയിലും ടിക്ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുൻപന്തിയിലാണ്.






