
കൊച്ചി: ദേശീയപാതയില്‍ ചേര്‍ത്തല-അരൂര്‍ റോഡ് തകര്‍ന്നതിന്റെ സി.പി.എമ്മില്‍ ജി.സുധാകരനെതിരെ പുതിയ പടയൊരുക്കത്തിന് നീക്കം. പുനര്‍നിര്‍മ്മിച്ച ദേശീയപാത തകര്‍ന്നതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും കേന്ദ്രമന്ത്രിക്കും കത്ത് നല്കി. ഇക്കാര്യം മുഹമ്മദ് റിയാസ് തന്നെ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരന് താല്പര്യമെടുത്ത് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ പുനര്‍നിര്‍മ്മിച്ച റോഡാണ് തകര്‍ന്നത്. 23.4 കിലോമീറ്റര്‍ റോഡ് 36 കോടി രൂപ മുടക്കിയായിരുന്നു പുനര്‍നിര്‍മ്മിച്ചത്.
അതേസമയം, സുധാകരനെ പരസ്യമായി കുറ്റപ്പെടുത്താന്‍ ആരിഫ് തയ്യാറായില്ല. സുധാകരന്റെ ശ്രദ്ധയില്പെട്ടില്ലായിരിക്കാം. എന്‍ജിനീയര്‍മാരും കരാറുകാരുമാണ് കുറ്റക്കാരെന്നുമാണ് എം.പിയുടെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാര്‍ത്ഥിക്കെതിരെ സുധാകരന് പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തില്‍ പാര്‍ട്ടി കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനിരിക്കേയാണ് സുധാകരനെ പരോക്ഷമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണം. ആലപ്പുഴയില്‍ പാര്‍ട്ടിയിലെ വിഭാഗീയത ശക്തിപ്പെടുന്നതാണ് പുതിയ വിവാദം.






