ഇന്ത്യയുടെ താരങ്ങള്‍ ടോക്കിയോ ഒളിമ്പിക്സില്‍ അഭിമാന നേട്ടമാണ് സ്വന്തമാക്കിയത്. അതേസമയം, മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മെഡല്‍ നേടാന്‍ കഴിയാതെ പോയവരുണ്ട്. ഇന്ത്യയുടെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇവരെ ആദരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മികവാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും വെങ്കലം നഷ്ടപ്പെട്ട കായികതാരങ്ങള്‍ക്ക് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ അല്‍ട്രോസ് സമ്മാനമായി നല്കി ആദരിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്സ് എന്നാണ് റിപ്പോർട്ട്.
ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരത്തിനിറങ്ങിയ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മെഡല്‍ നേടാൻ സാധിക്കാതെ പോയവരും അഭിനന്ദനം അര്ഹിക്കുന്നവരാണെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു. കപ്പിനും ചുണ്ടിനുമിടയിലാണ് ഗോള്‍ഫ് താരം അതിഥി അശോകിന് മെഡല്‍ നഷ്ടപ്പെട്ടത്. അതുപോലെ നിര്‍ഭാഗ്യവശാല്‍ ആണ് ദീപക് പൂനിയ, വനിത ഹോക്കി ടീം തുടങ്ങിയവര്‍ക്കും മെഡല്‍ നഷ്ടമായത്. ഈ താരങ്ങളെ ആയിരിക്കും ടാറ്റ ആദരിക്കുന്നത്. എന്നാല്‍, വാഹനം ഏതൊക്കെ താരങ്ങള്‍ക്കാണ് നല്‍കുമെന്നത് പിന്നീട് അറിയാം.
ടാറ്റ അല്‍ട്രോസ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച സ്വീകാര്യത നേടിയിട്ടുള്ള വാഹനമാണ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മുന്ന് എന്ജിന് ഓപ്ഷനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്. ഡിസൈനിലും ഫീച്ചറുകളിലും പ്രകടനത്തിലും ഏറെ മുമ്പന്തിയിലാണ് ഈ വാഹനം.






