ആൻഡ്രോയിഡ് ഫോണിൽ നിന്നും ഐഫോണിലേക്കും തിരിച്ചും ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള ഫീച്ചർ പുറത്തിറക്കുമെന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചു. മൊബൈൽ ഓപറേറ്റിങ് സിസ്റ്റം മാറിയാലും വോയിസ് മെസ്സേജുകളും ചിത്രങ്ങളും അടക്കമുള്ള സംവിധാനങ്ങൾ മറ്റു ഫോണിലേക്ക് മാറ്റാൻ പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകും. “ഉപയോക്താക്കൾക്ക് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് മറ്റൊന്നിലേക്ക് അവരുടെ വാട്ട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി സുരക്ഷിതമായി മാറ്റാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്” എന്ന് വാട്സ്ആപ്പ് പ്രോഡക്ട് മാനേജർ സന്ദീപ് പരുചുരി പറഞ്ഞു. ഉപയോക്താക്കൾക്ക് ഇനി രണ്ടു ഓപറേറ്റിങ് സിസ്റ്റത്തിൽ നിന്നും ചാറ്റ് ഹിസ്റ്ററി അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ കഴിയും.
റിപ്പോർട്ട് പ്രകാരം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വരുന്ന ആഴ്ചകളിൽ ഈ ഫീച്ചർ ലഭിക്കും. എന്നാൽ ഈ ഫീച്ചർ കഴിഞ്ഞ ദിവസം സാംസങ് പുറത്തിറക്കിയ ഗാലക്സി സെഡ് ഫോൾഡ് 3, ഗാലക്സി സെഡ് ഫ്ളിപ് 3 ഫോണുകളിലാണ് ഫീച്ചർ ലഭ്യമാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഈ ഫീച്ചർ ആൻഡ്രോയിഡ് 10നും അതിനു മുകളിലുള്ള വേർഷനുകളിലും മാത്രമാണ് ലഭ്യമാവുകയുള്ളു എന്നും വാട്സ്ആപ്പ് വ്യക്തമാക്കി.






