2019 ലാണ് ടിഗോർ ഇവി ടാറ്റ മോട്ടോഴ്സ് ആവതരിപ്പിക്കുന്നത്. ടിഗോർ ഇവിയുടെ പ്രധാന ഉപഭോക്താക്കൾ സർക്കാർ ഓഫീസുകൾ ആയിരുന്നു. സ്വകാര്യ വിപണിയിൽ ടിഗോർ ഇവിക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. അടുത്തിടെ ആണ് പുതുതായി വികസിപ്പിച്ചെടുത്ത ‘സിപ്ട്രോൺ’ എന്ന വൈദ്യുത പവർട്രെയിനിൽ നെക്സോൺ ഇവി വിപണിയിലെത്തിയത്.
ടാറ്റ മോട്ടോർസ് ടിഗോർ ഇവിയെ മുഖം മിനുക്കി എക്സ്പ്രസ്-ടി (Xpres-T EV) ഇവി എന്ന പുത്തൻ പേരും നൽകി വീണ്ടും വില്പനക്കെത്തിച്ചു. ഇലക്ട്രിക്ക് സെഡാൻ ടാക്സി ആയി ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർക്കായാണ് എക്സ്പ്രസ്-ടി ഇവി വിപണിയിലെത്തിച്ചിരിക്കുന്നത്. സിപ്ട്രോൺ പവർട്രെയിനിൽ ടിഗോർ ഇവിയുടെ രണ്ടാം വരവ് ക്രമീകരിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഓഗസ്റ്റ് 18നാണ് പുതിയ ടിഗോർ ഇവിയുടെ ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത്.
2021 ടാറ്റ ടിഗോർ ഇവിയിലും മുൻ നെക്സോൺ ഇവിയ്ക്ക് സമാനമായ IP67 മാനദണ്ഡങ്ങൾ പാലിക്കുന്ന 30.2 kWh ലിഥിയം അയൺ ബാറ്ററി തന്നെയാണ് ഇടം പിടിക്കുക എന്നാണ് റിപ്പോർട്ട്. പെർമനെന്റ് മാഗ്നെന്റിക് എസി ഇലക്ട്രിക്ക് മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുക. ഈ ഇലക്ട്രിക് മോട്ടോർ 129 പിഎസ് പവറും 245 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സിപ്ട്രോൺ അധിഷ്ഠിത നെക്സോൺ ഇവിയ്ക്ക് പൂർണമായും ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 312 കിലോമീറ്ററിലധികം ദൂരം വരെ സഞ്ചരിക്കാനാവും.






