ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട പുതിയ ഫെയ്സ്ലിഫ്റ്റ് അമെയ്സ് അവതരിപ്പിച്ചു. 2021 ഹോണ്ട അമെയ്സ് E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. E വേരിയന്റ് മാന്വൽ ഗിയർബോക്സിൽ മാത്രമേ ലഭിക്കൂ. S, VX വേരിയന്റുകളിൽ പെട്രോൾ + ഓട്ടോമാറ്റിക് പതിപ്പും VX വേരിയന്റിൽ മാത്രം ഡീസൽ + ഓട്ടോമാറ്റിക് പതിപ്പും ലഭിക്കും.
പെട്രോൾ E - 6.32 ലക്ഷം രൂപ, പെട്രോൾ S - 7.16 ലക്ഷം രൂപ, പെട്രോൾ CVT S - 8.06 ലക്ഷം രൂപ, പെട്രോൾ VX - 8.22 ലക്ഷം രൂപ, പെട്രോൾ CVT VX - 9.05 ലക്ഷം രൂപ, ഡീസൽ E - 8.66 ലക്ഷം രൂപ, ഡീസൽ S - 9.26 ലക്ഷം രൂപ, ഡീസൽ VX - 10.25 ലക്ഷം രൂപ, ഡീസൽ CVT VX - 11.15 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം ഡൽഹി വിലകൾ. പുത്തൻ അമെയ്സിന്റെ എക്സ്റ്റീരിയറിലെ മാറ്റങ്ങളിൽ കൂടുതലും മുൻഭാഗത്താണ്. സെഡാന്റെ പ്രധാന ആകർഷണം പരിഷ്കരിച്ച ഗ്രില്ലാണ്. വണ്ണം കുറഞ്ഞ പ്രധാന ക്രോം ബാറിന് കീഴെയായി രണ്ട് ക്രോം ബാറുകളും ചേർന്നതാണ് പുതിയ ഗ്രിൽ. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങ് പരിഷ്കരിക്കുകയും പുതിയ ക്രോം ഗാർണിഷുകൾ ചേർക്കുകയും ചെയ്തു.
അതെ സമയം ടോപ്പ്-സ്പെക്ക് VX പതിപ്പിന് മാത്രമാണ് ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയർ അപ്ഡേയ്റ്റ് ലഭിക്കുന്നത്. VX പതിപ്പിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും ഉൾകൊള്ളുന്ന ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകളാണ് ഉള്ളത്. എൽഇഡി ടെയിൽ ലാംപ്, ക്രോമിൽ പൊതിഞ്ഞ ഡോർ ഹാൻഡിലുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ അല്പം പ്രീമിയം ലുക്ക് നൽകുന്നു. 2021 ഹോണ്ട അമെയ്സ് മീറ്റിയറോയ്ഡ് ഗ്രേ, പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ്, ലൂണാർ സിൽവർ, ഗോൾഡൻ ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ വാങ്ങാം.






