
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട CB200X എന്ന അഡ്വെഞ്ചർ ബൈക്ക് വിപണിയിൽ എത്തിച്ചു. ഹോണ്ട CB200X ഒരു 'കംപ്ലീറ്റ് ഓഫ്റോഡ് ബൈക്ക്' അല്ല. നഗരയാത്രകൾക്കും ചെറിയതോതിൽ ഓഫ്റോഡ് റൈഡിങ്ങും ഉപയോഗിക്കാവുന്ന ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ ആണ് ഇത്. 1,44,500 ആണ് ഹോണ്ട CB200Xന്റെ എക്സ് ഷോറൂം വില.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹോണ്ട അവതരിപ്പിച്ച ഹോർനെറ്റ് 2.0 അടിസ്ഥാനമായാണ് CB200X തയ്യാറാക്കിയിരിക്കുന്നത്. വില 13,000 രൂപ കൂടുതൽ. സാധാരണ ഡീലർഷിപ്പുകൾ വഴിയാണ് CB200X വില്പനക്കെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. CB500X-ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹോണ്ട CB200X ഡിസൈൻ ചെയ്തിരിക്കുന്നത്. ഹോർനെറ്റ് 2.0യിൽ നിന്നും കടമെടുത്തതാണ് ഹെഡ്ലാംപ്. പിൻഭാഗം ഹോർനെറ്റ് 2.0ന് സമാനമാണ്.
മാറ്റ് സെലിൻ സിൽവർ മെറ്റാലിക്, പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, സ്പോർട്സ് റെഡ് എന്നിങ്ങനെ 3 നിറങ്ങളിൽ ഹോണ്ട CB200X വാങ്ങാം.അഡ്വഞ്ചർ ബൈക്ക് തീമിൽ നക്കിൽ ഗാർഡിൽ ക്രമീകരിച്ചിരുന്ന ടേൺ ഇൻഡിക്കേറ്ററുകൾ, ഗോൾഡൻ നിറത്തിലുള്ള മുൻ സസ്പെൻഷൻ എന്നിവ ഹോണ്ട CB200Xന് വ്യത്യസ്തത നൽകുന്നു. ഗ്രൗണ്ട് ക്ലിയറൻസ് 167 എംഎം, സീറ്റ് ഹൈറ്റ് 810 എംഎം, പെട്രോൾ ടാങ്ക് കപ്പാസിറ്റി 12 ലിറ്ററുമാണ്. ഹോണ്ട CB200Xയുടെ ഭാരം ഹോർനെറ്റ് 2.0യെക്കാൾ 5 കിലോഗ്രാം ഭാരം കൂടി 147 കിലോഗ്രാം ആണ്. ഹോർനെറ്റ് 2.0യെ ചലിപ്പിക്കുന്ന 184.4 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ഷൻ എൻജിനാണ് ഹോണ്ട CB200Xയിലും നൽകിയിരിക്കുന്നത്ത്. ഈ എൻജിൻ 8,500 ആർപിഎമ്മിൽ 17.03 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 16.1 എൻഎം ടോർക്കും നിർമ്മിക്കുന്നു. 5 സ്പീഡ് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.






