
മലപ്പുറം: മലബാര്‍ കലാപത്തെ കേരളത്തിന്റെ പാരീസ് കമ്യൂണെന്ന് അടയാളപ്പെടുത്തിയ എകെജിയെ ജയിലില്‍ അടച്ച ബ്രിട്ടീഷുകാരുടെ മനോഭാവമുള്ളവരാണ് സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസ്താവനയെയും വിമര്‍ശിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും അതിലെ ബ്രിട്ടീഷ് വിരുദ്ധത തള്ളിക്കളയാന്‍ പറ്റാത്തതാണെന്നും പറഞ്ഞു.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ഭഗത് സിംഗിനേയും ഉപമിച്ച് സ്പീക്കര്‍ എംബി രാജേഷ് നടത്തിയ പരാമര്‍ശത്തിനെതിരേ ബിജെപിയും യുവമോര്‍ച്ചയും രംഗത്ത് വന്നിരുന്നു. ഇതിലുള്ള പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും നടത്തിയത്. ബ്രിട്ടീഷുകാര്‍ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തിയ പ്രക്ഷോഭം എന്ന രീതിയില്‍ തന്നെ മലബാര്‍ കലാപം ഏറെ പഠനവിധേയമായ ഒന്നാണ്. ഇതില്‍ മുഴച്ചു നില്ക്കുന്ന ഭാഗവും അതിലെ സാമ്രാജ്യത്വ- ജന്മിത്വ – നാടുവാഴി വിരുദ്ധ അംശങ്ങളാണെന്നും എ വിജയരാഘവന് പറഞ്ഞു.
1930 കളിലാണ് കേരളത്തില്‍ ദേശീയ പ്രസ്ഥാനം വിപുലമായ ജനകീയ പ്രസ്ഥാനമായി മാറുന്നത്. അതിനാല്‍ സംഘടിത രാഷ്ട്രീയ -ദേശീയ പ്രസ്ഥാനം നാട്ടിന്‍പുറത്തേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ശക്തമായി ഈ പ്രതിഷേധം തെക്കെ മലബാറില്‍ നടന്നിട്ടുണ്ട്. കലാപത്തിന്റെ ഒരു ഘട്ടത്തില്‍ ചില വര്‍ഗീയ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അതിനാലാണ് കമ്യൂണിസ്റ്റുകാര്‍ ആഹ്വാനവും താക്കീതും എന്ന മുഖക്കുറിപ്പില്‍ അതിനെ സംബന്ധിച്ച് 1946ല്‍ നിലപാട് സ്വീകരിച്ചതെന്നും വിജയരാഘവന് പറഞ്ഞു.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സ്പീക്കര്‍ വാരിയം കുന്നനെ ഭഗത് സിംഗിനോട് ഉപമിച്ചത്. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്നും വെടിവെയ്ക്കണമെന്ന് വാരിയന്‍ കുന്നന് പറഞ്ഞിരുന്നു. തന്നെ തൂക്കിക്കൊല്ലുന്നതിന് പകരം വെടിവെച്ചു കൊല്ലണമെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. ഈ സാഹചര്യങ്ങളുടെ സാമ്യതയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നാണ് സ്പീക്കര്‍ പറഞ്ഞത്.
താന്‍ ഇരുവരുടെയും മരണത്തെയാണ് താന്‍ താരതമ്യം ചെയ്തതെന്നും നടത്തിയ പരാമര്‍ശം ചരിത്ര വസ്തുതയാണെന്നും അതിന്മേല് മാപ്പു പറയില്ലെന്നും വിവാദം ഉയര്‍ന്നപ്പോള്‍ എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു. കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമെന്നായിരുന്നില്ല. മലയാള രാജ്യമെന്നായിരുന്നു. മലബാര്‍ കലാപം ഹിന്ദു വിഭാഗത്തിനെതിരെ ഉള്ളതായിരുന്നുവെങ്കില്‍ ആര്.എസ്.എസ് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കുന്ന പ്രദേശമായി ഏറനാടും വള്ളുവനാടും മാറിയിയേനെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്താവനയ്ക്ക് എതിരേ യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി എം.ബി. രാജേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
