
ഇറ്റാലിയൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ ലാംബോർഗിനി ഈ മാസം 16നാണ് തങ്ങളുടെ എസ്യുവിയായ ഉറുസിന്റെ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോളിതാ ആദ്യ ലാംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ഉടമയുടെ പക്കലെത്തി. തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ (എൻടി രാമ റാവു ജൂനിയർ) ആണ് വാഹനത്തിന്റെ ആദ്യ ഉടമ. ഗ്രിജിയോ കെറെസ്, നീറോ നോക്റ്റിസ്,ഗ്രിജിയോ നിംബസ്, ബിയാൻകോ മോണോസെറസ് എന്നിങ്ങനെ പേരുകളുള്ള മാറ്റ് നിറങ്ങളും നിരവധി കസ്റ്റമൈസേഷൻ സാദ്ധ്യതകളുമുള്ള സ്പെഷ്യൽ ഉറുസാണ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ.
നീറോ നോക്റ്റിസ് (മാറ്റ് ബ്ലാക്ക്) നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. മുൻപിലെ സ്പ്ലിറ്റർ, ഡോറിന്റെ താഴ്ഭാഗം, റിയർ സ്പോയ്ലർ എന്നിവിടങ്ങളിൽ ഉപഭോക്താവിന്റെ ഇഷ്ടാനുസരണമുള്ള നിറത്തിൽ ഗ്ലോസി ഡീറ്റൈലിംഗും ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്റെ സവിശേഷതകളാണ്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയർ സ്പോയ്ലർ, 23-ഇഞ്ച് ടൈഗെറ്റ് അലോയ് വീലുകളുമാണ് ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്റെ മറ്റു ആകർഷണങ്ങൾ. എസ്എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ രൗദ്രം രണം രുധിരത്തിൽ ആണ് (ആർആർആർ) ഇപ്പോൾ ജൂനിയർ എൻടിആർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.






