
ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ പാടിക്കൊണ്ട് പിന്നണിഗാനരംഗത്തേക്ക് ചുവടുവച്ച ഗായികയാണ് ദലീമ. ഗൃഹാതുരത്വം നല്കുന്ന ശബ്ദവുമായി ഒരുകാലത്തെ ദൂരദര്ശന് പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ ഗായിക ഇന്ന് ഒരു ജനപ്രതിനിധി കൂടിയാണ്. മലയാളി ഇഷ്ടപ്പെട്ട ഗായികയെന്ന നിലയില്‍ നിന്ന് ദലീമയുടെ ജീവിതം ദൈവത്തിന്റെ ഇച്ഛയനുസരിച്ചു നീങ്ങുന്നത് ആലപ്പുഴക്കാരുടെ ഇഷ്ട നേതാവ് എന്ന നിലയിലേക്കാണ്. കാലം കരുതിവച്ച അത്ഭുതങ്ങളോര്ത്ത് വിസ്മയിക്കുമ്പോഴും ദലീമക്ക് വിശ്വസിക്കാനാവുന്നില്ല, ജില്ലാ പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായി രാഷ്്രടീയത്തിലേക്ക് ചുവടുവച്ച താനിന്ന് നിയമസഭാംഗമാണെന്ന്.
രണ്ടു തവണ ജില്ലാ പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായി. ഇപ്പോഴിതാ നിയമസഭാംഗവും. രാഷ്ട്രീയത്തില്‍ തുടരാനാണോ തീരുമാനം?
തികച്ചും ആകസ്മികമായാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികള്‍ ചെയ്തതൊഴിച്ചാല്‍ രാഷ്ട്രീയ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല. ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്കു വരണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും പ്രേരണയിലാണ് 2015 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കലാകാരിയായതിനാലാവാം സ്നേഹത്തോടെയാണ് ജനങ്ങള്‍ എന്നെ സ്വീകരിച്ചത്. 2021 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ട്ടി എനിക്ക് സീറ്റ് നല്കി. ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മനസിലായി, അതുകൊണ്ടാണല്ലോ രണ്ടാംതവണയും അവരെന്നെ ജയിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റായിരിക്കെ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം തന്നെയാണ് അരൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രചാരണ പ്രവര്ത്തനങ്ങള്ക്കിറങ്ങിയപ്പോഴെല്ലാം ജനങ്ങള്‍ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് ജയപരാജയങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. വോട്ടെണ്ണുന്ന സമയത്തും തുടക്കത്തില്‍ ചെറിയ ലീഡുണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസിന് ആധിപത്യമുള്ള ബൂത്തുകളെണ്ണി തുടങ്ങിയപ്പോള്‍ ഷാനിമോള്‍ക്ക് ചെറിയ ലീഡ് വന്നുതുടങ്ങി. തുടര്‍ന്ന് രണ്ടു മണിക്കൂറോളം ആ നില തുടര്‍ന്നു. എന്തോ തകരാറുമൂലം വോട്ടെണ്ണല്‍ നിലച്ചതുകൊണ്ടാണ് ആ ലീഡ് തന്നെ കാണിച്ചു കൊണ്ടിരുന്നത്.
ആ സമയത്ത് ചെറിയൊരു ആശങ്ക തോന്നി, ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ ഞാന്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ അവരിലേക്ക് എത്തിയില്ലേ? എന്തുകൊണ്ട് അവരെന്നെ അംഗീകരിച്ചില്ല എന്നുള്ള സംശയങ്ങളൊക്കെ മനസിലേക്കെത്തി. ആ ഭയമെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് വീണ്ടും എന്റെ ലീഡ് നില ഉയര്‍ന്നു.
ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ദുരന്തങ്ങളാണ് ഇവിടെ ഉണ്ടായത്. ആ പ്രതിസന്ധി ഘട്ടങ്ങളിലും കേരളത്തെ പിടിച്ചു നിര്‍ത്തിയത് ഇവിടുത്തെ സര്‍ക്കാരാണ്. അതൊരിക്കലും ജനം മറക്കില്ല.
തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍. ദലീമയെ ആലപ്പുഴക്കാര് സ്വന്തം നേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞല്ലോ?
ഇത്തവണ ത്രിതല പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ കൂടുതലും പുതിയ തലമുറയിലെ കുട്ടികളാണ്. മുതിര്‍ന്ന അംഗങ്ങളും അക്കൂട്ടത്തിലുണ്ട്. ഇവരെല്ലാവരും കഴിവും അര്‍പ്പണ ബോധമുള്ളവരുമാണ്. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ ജനങ്ങള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കോവിഡ് കാലത്തുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി 10 ലക്ഷം രൂപയോളം ചെലവഴിച്ചു കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളൊക്കെ ജനങ്ങള്‍ കാണുന്നുണ്ടല്ലോ.
ജനങ്ങളെയൊരിക്കലും വിഢികളാക്കാന്‍ കഴിയില്ല. അവര്‍ക്കറിയാം ആരെ തെരഞ്ഞെടുക്കണമെന്ന്. ഞാനൊരു കലാകാരിയാണെന്ന് എല്ലാവര്‍ക്കുമറിയാം. കലാകാരന്മാര് ആരേയും ചതിക്കില്ലെന്നൊരു വിശ്വാസം ജനങ്ങള്‍ക്കുണ്ട്.
ഇത്തവണ 11 വനിതാ അംഗങ്ങളിലൊരാളായി ആദ്യമായി നിയമസഭയിലേക്കെത്തുകയാണ്. എന്തു തോന്നുന്നു?
നിയമസഭയില്‍ ഞാന്‍ പുതുമുഖമാണ്. എല്ലാം പഠിച്ചു കൊണ്ടല്ലല്ലോ ആരും ഓരോ സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗമായപ്പോള്‍ ജനങ്ങളോടുള്ള മനോഭാവവും ഇടപെടലുമാണ് എനിക്ക് തുണയായത്. ഭരണപാടവവും വേണം, അത് അനുഭവങ്ങളിലൂടെ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ കണ്ടറിഞ്ഞ് പഠിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയും. ജനങ്ങളുടെ ആവശ്യമെന്താണെന്ന് തിരിച്ചറിഞ്ഞ് നടപ്പിലാക്കാനുള്ള കഴിവ് എനിക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.
ജനപ്രതിനിധിയായതിന് ശേഷമുള്ള അനുഭവങ്ങള്‍?
2015 മുതല്‍ ഇന്നുവരെ വലിയ സ്നേഹത്തോടെയാണ് എല്ലാവരുമെന്നെ സ്വീകരിച്ചത്. ഒരു പാട്ടുപാടികൊടുത്താല് മതി അവര്‍ക്ക് സന്തോഷമാകാന്. ജനങ്ങള്‍ക്കെന്നെ വിശ്വാസമുണ്ട്. ആ വിശ്വാസവും പ്രതീക്ഷയുമാണ് മുമ്പോട്ട് പോകാന്‍ ധൈര്യം തരുന്നത്.
രാഷ്ട്രീയത്തെ കുറിച്ച് ആദ്യമൊക്കെ ഒന്നുമറിയില്ലായിരുന്നു. ആറ് വര്‍ഷങ്ങള്‍ കൊണ്ട് പലതും പഠിച്ചു. കുടിവെള്ളമായിരുന്നു ആലപ്പുഴക്കാരുടെ പ്രധാനപ്രശ്നം. അതിനൊരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞു.
എന്റെ പാദങ്ങള്‍ പതറരുത് എന്നാഗ്രഹിക്കുന്ന കുറേയേറെ മനുഷ്യരുടെ മനസിലേക്കാണ് ഞാന്‍ നടന്നു കയറിയത് എന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആ സ്നേഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണു നിറയുന്നുണ്ട്.
മറ്റുള്ളവരുടെ വേദനകള്‍ സഹിക്കാന്‍ എനിക്ക് കഴിയില്ല. ഒരു ജനപ്രതിനിധി എന്ന നിലയില്‍ സങ്കടകരമായ പല സന്ദര്‍ഭങ്ങളിലും ഞാന്‍ പങ്കാളിയായി. എല്ലാത്തിനുമുപരിയായി ജനങ്ങള്‍ എന്നെ സ്നേഹിച്ചു. ജയിപ്പിച്ചു. അവരെ സഹായിക്കണം എന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ മുന്നിലുള്ളത്.
ദലീമയെന്ന ഗായികയേയും രാഷ്ട്രീയ നേതാവിനെയും കുടുബം എത്രമാത്രം പിന്തുണച്ചിട്ടുണ്ട്?
എന്റെ പാട്ട് കേള്‍ക്കാന്‍ വീട്ടില്‍ തന്നെ ആളുകളുണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങളാണ് ആദ്യത്തെ ഓഡിയന്‍സ്. അച്ഛനും സഹോദരങ്ങളും പാടുന്ന പാട്ടുകള്‍ കേട്ടാണ് ഞാന്‍ പഠിച്ചത്. പള്ളുരുത്തി സംഗീതകലാനിലയത്തില് രാമന്‍കുട്ടി ആശാന് കീഴില്‍ പാട്ടു പഠിക്കാനുള്ള അവസരമൊരുക്കിത്തന്നതും വീട്ടുകാരാണ്. എന്നിലെ കലാകാരിയെ കുടുംബം എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പള്ളി ക്വയറില്‍ പാടുമായിരുന്നെങ്കിലും ഗാനമേളകളിലും പൊതുവേദികളിലും പാടുന്നതിന് അനുവാദമുണ്ടായിരുന്നില്ല. പൊതുവേദികളില്‍ പാടുന്നത് മോശമാണെന്ന് വിചാരിച്ചിരുന്ന ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു ഞങ്ങളുടേത്. തികച്ചും ഗ്രാമത്തിന്റെ പരിശുദ്ധിയില്‍ ജീവിച്ചിരുന്ന ഞാന്‍ ഒരിക്കലും സിനിമയോ ആംഗീകാരങ്ങളോ ആഗ്രഹിച്ചിട്ടില്ല. വിവാഹത്തിനു ശേഷമാണ് റെക്കോഡിംഗിലേക്ക് വരുന്നത്.
ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും കട്ട സപ്പോര്‍ട്ടുമായി കുടുംബം കൂടെയുണ്ട്. കുടുംബജീവിതത്തിന്റെ സന്തോഷങ്ങളൊക്കെ കുറയുമായിരിക്കാം. അതില്‍ സങ്കടവുമുണ്ട്. മക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ എന്റെ സമയവും സേവനവും ആഗ്രഹിക്കുന്ന കുറേയേറെ പേര്‍ക്ക് ആശ്വാസം പകരാന്‍ കഴിയുമെങ്കില്‍ അതല്ലേ വലിയ കാര്യം.
മക്കളായ ആര്‍ദ്രയ്ക്കും കെന്നിനും ഞാനെപ്പോഴും കൂടെ വേണമെന്നാണ് ആഗ്രഹം. എന്റെ തിരക്കുകള്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും. എവിടെ പോകാന്‍ ഇറങ്ങുമ്പോഴും അമ്മ എപ്പോള്‍ തിരിച്ചുവരുമെന്നാണ് അവര്‍ക്കറിയേണ്ടത്.
അശ്വതി അശോക്