
അടുത്ത തലമുറ ആർസി 125, 200, 390 സൂപ്പർസ്പോർട്ട് ബൈക്കുകളുടെ ആദ്യ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് കെടിഎം. ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ടീസർ വിഡിയോയിൽ ഒരു റേസ് ട്രാക്ക് ആണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. ആർസി ശ്രേണി ട്രാക്ക് ഉപയോഗങ്ങൾക്ക് പേരുകേട്ടതാണ് എന്നതിനാൽ ആകാം ഇത്തരത്തിൽ ഒരു ടീസർ തയ്യാറാക്കിയത്.
കൂടാതെ, വീഡിയോയിൽ 9/21 നമ്പറുകളുള്ള ഒരു പിറ്റ് ബോർഡ് കാണാം. അടുത്ത മാസമാണ് പുത്തൻ ആർസി ശ്രേണിയുടെ അരങ്ങേറ്റം എന്നാവും ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, ആർസി 125, 200, 390 സൂപ്പർസ്പോർട്ട് ബൈക്കുകളുടെ ചിത്രങ്ങൾ അനൗദ്യോഗികമായി മുമ്പ് പുറത്ത് വന്നിരുന്നു. ബൈക്കുകൾക്ക് വിശാലമായ എൽഇഡി ഹെഡ്ലാമ്പും, പരിഷ്കരിച്ച ഫെയറിങ്ങും, ഫെയറിംഗ്-ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും ഉള്ള ഒരു പുതിയ ഡിസൈൻ ഭാഷയാണ് എന്ന് അനൗദ്യോഗികമായി പുറത്ത് വന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിലെ ചക്കാനിലെ ബജാജ് പ്ലാന്റിൽ പുത്തൻ കെടിഎം ആർസി 125, 200, 390 മോഡലുകൾ നിർമ്മിക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ കെടിഎം ആർസി ശ്രേണിയുടെ വില 1.80 ലക്ഷം മുതൽ 2.77 ലക്ഷം രൂപ വരെയാണ്. പുതിയ തലമുറ ഫോണുകളുടെ വില സ്വാഭാവികമായും വർദ്ധിക്കാനാണ് സാദ്ധ്യത. 124 സിസി, 199.5 സിസി, 373 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഓപ്ഷനുകൾ യഥാക്രമം പുത്തൻ ആർസി 125, ആർസി 200, ആർസി 390 എന്നിവയിൽ തുടരുമെന്ന് റിപ്പോർട്ടുണ്ട്.






