
YZF-R15 വേർഷൻ 3.0യുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര നിർമ്മാതാക്കളായ യമഹ. എന്നാൽ, ലോഞ്ചിന് മുൻപായി പുത്തൻ യമഹ YZF-R15ന്റെ ചിത്രങ്ങൾ അനൗദ്യോഗികമായി പുറത്ത് വന്നു. അടിസ്ഥാന YZF-R15 കൂടാതെ YZF-R15M എന്നൊരു പുതിയ പതിപ്പും യമഹ വിപണിയിലെത്തിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
യമഹയുടെ പ്രശസ്തമായ നീലയും മോട്ടോജിപി കളർ സ്കീമുകളിൽ ആയിരിക്കും പുതിയ YZF-R15 വില്പനക്കെത്തുക. അതേസമയം, YZF-R15M പതിപ്പ് 2016 R1M മോഡലിന് സമാനമായി നീല നിറമുള്ള അലോയ് വീലും സിൽവർ നിറത്തിലുള്ള പെയിന്റ് സ്കീമുമായാണ് വില്പനക്കെത്തുക എന്നാണ് റിപ്പോർട്ട്. 2019ൽ YZF-R15 വേർഷൻ 3.0യെ ആഗോള വിപണിയിൽ യമഹ അവതരിപ്പിച്ചപ്പോൾ അപ്സൈഡ് ഡൗൺ സസ്പെൻഷൻ ഉൾപെടുത്തിയിരുന്നു. എന്നാൽ, വില പിടിച്ചു നിർത്താൻ ഇന്ത്യ-സ്പെക് മോഡലിൽ ടെലിസ്കോപിക് സസ്പെൻഷൻ തുടരുകയായിരുന്നു. 2021 മോഡലിൽ ഇത് അപ്സൈഡ് ഡൗൺ സസ്പെൻഷന് ലഭിക്കും.
2021 YZF-R15നെയും 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയാണ് ചലിപ്പിക്കുക. മുൻ കാഴ്ച്ചയിൽ 2021 യമഹ YZF-R15യുടെ ആകർഷണം പരിഷ്കരിച്ച ഫെയറിംഗും വിൻഡ് സ്ക്രീനുമാണ്. 2021 YZF-R15ന് പുതിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് പാനൽ ലഭിക്കും എന്നാണ് വിവരം. നിലവിൽ യമഹ YZF-R15ന്റെ വില 1.56-1.58 ലക്ഷം രൂപയാണ്.






