
കൊല്‍ക്കത്ത: മമതാബാനര്‍ജിയുടെ ക്യാമ്പില്‍ നിന്നും ബിജെപിയിലേക്ക് പോയ മറ്റൊരു എംഎല്‍എ കൂടി തിരിച്ച് തൃണമൂലിന്റെ പാളയത്തിലേക്ക്. ബിജെപി എംഎല്‍എ ബിശ്വജിത് ദാസാണ് തിരികെ വന്നിരിക്കുന്നത്. ഇതോടെ ബിജെപി വിട്ട് എതിര്‍പാളയത്തിലേക്ക് ചേക്കേറുന്ന മുന്നാമത്തെ നിയമസഭാംഗമാണ് ബിശ്വജിത്.
തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ് ബിശ്വജിത് ദാസ്. ബിജെപിയുടെ ക്യാമ്പില്‍ എത്തുകയും അവര്‍ക്കൊപ്പം നിന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്ത തന്മയ് ഘോഷ് തിങ്കളാഴ്ച പാര്‍ട്ടിയില്‍ മടങ്ങിയെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബിശ്വജിത്തും തിരിച്ചു പോന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിലേക്ക് പോയ അനേകരാണ് തൃണമൂലിലേക്ക് തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചുവരവ് നടത്തിയത്. തുടക്കമിട്ട മുകുള്‍ റോയിയുടെ തിരിച്ചുവരവ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപിയില്‍ ചേര്‍ന്ന് നാലു വര്‍ഷത്തിന് ശേഷമായിരുന്നു മുകുള്‍റോയി കഴിഞ്ഞ ജൂണില്‍ തിരിച്ചുവന്നത്. തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയ ബിജെപി ഇപ്പോള്‍ 72 ആയി കുറഞ്ഞിരിക്കുകയാണ്.






