ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ തങ്ങളുടെ എസ്യുവി സെൽറ്റോസിന്റെ സ്പോർട്ടി വകഭേദം അവതരിപ്പിച്ചു. കിയ പുതുതായി അവതരിപ്പിച്ചിരിക്കുന്ന X-ലൈൻ പതിപ്പ് ആണ്. സെൽറ്റോസ് നിരയിലെ ഏറ്റവും പ്രീമിയം മോഡലായാണ് X-ലൈൻ പതിപ്പിന്റെ വരവ്. ടാറ്റ അടുത്തിടെ അവതരിപ്പിച്ച ഹാരിയർ ഡാർക്ക് എഡിഷന് സമാനമായി സ്പോർട്ടി ലുക്കാണ് സെൽറ്റോസ് X-ലൈൻ പതിപ്പിന്റെ ആകർഷണം.
ഓട്ടോമാറ്റിക് പതിപ്പുകളിൽ മാത്രം ലഭ്യമായ കിയ സെൽറ്റോസ് X-ലൈനിന്റെ പെട്രോൾ പതിപ്പിന് 17.79 ലക്ഷവും ഡീസൽ പതിപ്പിന് 18.10 ലക്ഷവുമാണ് എക്സ്-ഷോറൂം വില. റിപ്പോർട്ട് പ്രകാരം ഏറ്റവും വിലകൂടുതലുള്ള GTX+ പെട്രോൾ പതിപ്പിനേക്കാൾ 15,000 രൂപയും, GTX+ ഡീസൽ പതിപ്പിനേക്കാൾ 25,000 രൂപയും കൂടുതലാണ് X-ലൈൻ പതിപ്പിന്.
സെൽറ്റോസ് X-ലൈൻ പതിപ്പിന്റെ ഹൈലൈറ്റ് പ്രത്യേകം തയ്യാറാക്കിയ മാറ്റ് ഗ്രാഫൈറ്റ് നിറമാണ്. ഒപ്പം നിരവധി ഗ്ലോസ് ബ്ലാക്ക്, ഓറഞ്ച് ഘടകങ്ങൾ വാഹനത്തിന്റെ സ്പോർട്ടി ഡിസൈൻ തീമിനെ ഊട്ടിയുറപ്പിക്കുന്നു. പിയാനോ ബ്ലാക്ക് ഫ്രെയിമിൽ മാറ്റ് ഗ്രാഫൈറ്റ് ഫിനിഷുള്ള ഗ്രില്ലാണ് X-ലൈനിൽ. പിയാനോ ബ്ലാക്ക് നിറവും ഒപ്പം ചുവപ്പ് നിറത്തിന്റെ ബീഡിങ്ങും നൽകി ബമ്പർ മനോഹരമാക്കിയിട്ടുണ്ട്. പിൻ ബമ്പറിനും സമാനമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹെഡ്ലാമ്പിന്റെ ഡിസൈനിൽ മാറ്റമില്ല എങ്കിലും സ്മോക്ക് എഫ്ഫക്റ്റ് ലഭിക്കുന്നു. 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ സെൽറ്റോസ് X-ലൈൻ വാങ്ങാം.






