
റായ്പുര്‍: മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. കോര്‍ബ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നിവർ വെള്ളിക്കെട്ടന് (Indian Krait) വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ തലഭാഗവും വാലുമാണ് ചുട്ടുകഴിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇരുവരെയും ബന്ധുക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാള് പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു.
തുടര്‍ന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. അല്പസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡു ആനന്ദും രാജു ജാങ്ഡെയും പാമ്പിനെ ഭക്ഷിക്കുകയായിരുന്നു.






