ബ്രിട്ടീഷ് സ്പോർട്സ് കാർ ബ്രാൻഡായ ആസ്റ്റൺ മാർട്ടിന്റെ വാൻറ്റേജ് സ്പോർട്സ് കൂപ്പെ ദുബായ് പോലീസിന്റെ വാഹനങ്ങളുടെ നിരയിലേക്ക്. ദുബായ് പോലീസിന്റെ പ്രശസ്തമായ പച്ച നിറത്തിലുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച കാറിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബായ് പോലീസിന്റെ ആസ്റ്റൺ മാർട്ടിൻ വാൻറ്റേജ് കാറിന്റെ നമ്പർ 77 ആണ്. റിപ്പോർട്ട് പ്രകാരം ഇതിൽ ഒരു 7 ആസ്റ്റൺ മാർട്ടിൻ വാഹനങ്ങൾ ഉപയോഗിക്കുന്ന ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് ജെയിംസ് ബോണ്ട് കഥാപാത്രത്തിന്റെയും രണ്ടാമത്തെ 7 യുഎഇയിലെ ഏഴ് എമിറേറ്റ്കളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ജെയിംസ് ബോണ്ട് സിനിമ ശ്രേണിയിലെ ഏറ്റവും പുതിയ 'നോ ടൈം ടു ഡൈ' തീയറ്ററുകളിൽ എത്തുമ്പോഴാണ് ദുബായ് പോലീസ് പുത്തൻ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ വാഹന നിരയിലേക്ക് ചേർത്തിരിക്കുന്നത് എന്നാണ് ശ്രദ്ധേയം.
ഒക്ടോബറിൽ നടക്കുന്ന എക്സ്പോ 2020-ൽ സേനയുടെ മറ്റ് മോഡലുകൾക്കൊപ്പം ആസ്റ്റൺ മാർട്ടിൻ വാൻറ്റേജ് പ്രദർശിപ്പിക്കും. ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രമുഖ പാതകളിലും പട്രോളിങ്ങിനായാണ് ആസ്റ്റൺ മാർട്ടിൻ വാൻറ്റേജ് ഉപയോഗിക്കുക എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആസ്റ്റൺ മാർട്ടിൻ വൺ-77, ഫെറാറി എഫ്എഫ്, ലംബോർഗിനി അവന്റഡോർ, ബുഗാറ്റി വെയ്റോൺ,പോർഷെ 918 സ്പൈഡർ, മക്ലാരൻ MP4 12C, ബെന്റ്ലി കോണ്ടിനെന്റൽ ജിടി എന്നിങ്ങനെ പോകുന്നു ദുബായ് പോലീസിന്റെ വാഹനങ്ങളുടെ നിര. മെഴ്സിഡീസ് എഎംജി GT 63Sഉം ഹ്യുണ്ടേയ്യുടെ ആഡംബര ബ്രാൻഡായ ജെനസിസിന്റെ GV80 പെട്രോൾ എസ്യുവിയും ദുബായ് പോലീസ് വാങ്ങിയിരുന്നു.






