ഫെയ്സ്ബുക്കിന് സമാനമായി വാട്സ്ആപ്പിൽ വരുന്ന സന്ദേശങ്ങൾക്കും ലൈക്കും റിയാക്ഷനുകളും നൽകാനുള്ള ഫീച്ചർ ഉടൻ ലഭ്യമാവുമെന്ന് റിപ്പോർട്ട്. വാട്സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും, ഫെയ്സ്ബുക്ക് മെസഞ്ചറിലും സന്ദേശങ്ങൾക്ക് റിയാക്ഷനുകൾ നൽകാനാവും. മെസേജുകളിൽ ടാപ്പ് ചെയ്താൽ റിയാക്ഷനുകൾ ലഭ്യമാവും. വാട്സ്ആപ്പിലും സമാന രീതിയിലാവുംറിയാക്ഷനുകൾ ലഭ്യമാവുക എന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പിന്റെ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഡബ്ല്യുഎബീറ്റ ഇൻഫോ എന്ന ബ്ലോഗിലാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങലുള്ളത്. വാട്ട്സ്ആപ്പിൽ സന്ദേശം ടാപ്പ് ചെയ്ത് പിടിച്ച് അതിൽ റിയാക്ഷൻ നൽകുന്ന രീതിയിലായിരിക്കും ഈ ഫീച്ചർ ഉൾപ്പെടുത്തുക. സന്ദേശത്തിൽ ടാപ്പ് ചെയ്താൽ വിവിധ റിയാക്ഷനുകളുടെ ഇമോജികൾ പ്രത്യക്ഷപ്പെടും. അതിൽ ഒരു ഇമോജി തിരഞ്ഞെടുത്ത് പ്രതികരണം അറിയിക്കാവുന്നതാണ്. വാട്സ്ആപ്പിലെ ഈ ഫീച്ചർ ഇപ്പോഴും പൂർണമായും വികസിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ഉടൻ ലഭിക്കും.






