ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ആണ് ഇന്ത്യന്‍ നിരത്തുകളിൽ ആദ്യ ആഡംബര ഇലക്ട്രിക് എസ്.യു.വി. എത്തിച്ചത്. ചൂടപ്പം പോലെയാണ് EQC ഇലക്ട്രിക് എന്ന പേരില്‍ എത്തിയ ഈ വാഹനത്തിന്റെ ആദ്യ ബാച്ച് വിറ്റുതീര്‍ന്നത്. ഇപ്പോളിതാ രണ്ടാമത്തെ ബാച്ച് എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍ എന്നാണ് റിപ്പോർട്ട്.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ആണ് വാഹനം ഇന്ത്യയില്‍ എത്തുക. EQC-യുടെ രണ്ടാം ബാച്ച് ഒക്ടോബര്‍ മാസത്തോടെ ഇന്ത്യന്‍ തീരത്ത് അണയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് മെഴ്സിഡസ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ബാച്ച് എത്തിയത് 2020 ഒക്ടോബറിലാണ്. വെറും മൂന്ന് മാസത്തിനുള്ളിലാണ് ആദ്യമെത്തിയ 50 യൂണിറ്റ് വിറ്റു തീര്‍ന്നത്. ആദ്യ വരവില്‍ ആറ് നഗരങ്ങളിലായിരുന്നു വില്‍പ്പന. എന്നാൽ, രണ്ടാം തവണ ഇത് 50 നഗരങ്ങളില്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന.
മെഴ്സിഡസ് EQC ഒരു വേരിയന്റില്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. EQC 4മാറ്റിക്ക് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനത്തിന് 1.07 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. മെഴ്സിഡസിന്റെ മിഡ്-സൈസ് എസ്.യു.വിയായ ജി.എല്‍.സിയുടെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവുമെത്തുന്നത്. അതേസമയം, മെഴ്സിഡസ് റെഗുലര്‍ വാഹനങ്ങളുമായി യാതൊരു സാമ്യവും ഇല്ലാതെയാണ് ഇലക്ട്രിക് വാഹനം ഡിസൈന്‍ ചെയ്തിട്ടുള്ളത്.






