
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ് പുതിയ മോഡലായ ആസ്റ്റര്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഓട്ടോ കാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബർ 15ന് വാഹനത്തെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കും. നിലവിലെ സെഗ്മെൻറ് ലീഡറായ ഹ്യുണ്ടായ് ക്രെറ്റയായിരിക്കും ആസ്റ്ററിന്റെ പ്രധാന എതിരാളി.
ഇവി മോഡലായ ഇസഡ്എസിന്റെ പെട്രോൾ പവർ പതിപ്പാണ് ആസ്റ്റർ. എം.ജി ഇന്ത്യൻ നിരയിൽ ആസ്റ്ററിന്റെ സ്ഥാനം ഹെക്ടറിന് താഴെയായിട്ടായിരിക്കും .4.3 മീറ്റർ നീളമുള്ള ആസ്റ്റർ, ഹെക്ടറിനേക്കാൾ (4.6 മീറ്റർ ദൈർഘ്യം) വലുപ്പത്തിൽ ചെറുതായിരിക്കും. ആസ്റ്ററില്‍ പേഴ്സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റ് സംവിധാനം ഉണ്ടായിരിക്കുമെന്ന് എം.ജി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വാഹന വിപണിയിൽ ഇത് തികച്ചും പുതുമയാണ്. തനിച്ച് വാഹനം ഓടിക്കുമ്പോൾ അല്‍പ്പം സംസാരിക്കാനും തമാശകള്‍ പറയാനും വഴി പറഞ്ഞുതരാനും പുതിയ സംവിധാനം സഹായിക്കും. വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണെന്ന് ഇത്.
വാഹനത്തിൽ പേഴ്സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി ഇനി എം.ജി. മോട്ടോഴ്സിന് സ്വന്തമാണ്. കൂടാതെ, ആസ്റ്റര്‍ എത്തുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങുന്നുണ്ട്. ഓട്ടോണമസ് ലെവല്‍ ടു സംവിധാനം അപകടമുണ്ടാകാതെ വാഹനം തന്നെ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന് സഹായിക്കും. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ആസ്റ്ററിന്റെ കരുത്ത്.






