
കൊറോണ വൈറസിന്റെ വരവും പിന്നീടുണ്ടായ ലോക്ക്ഡൗണും മൂലം തൊഴിൽ മേഖലയിലുണ്ടായ വമ്പൻ മാറ്റമാണ് 'വർക്ക് ഫ്രം ഹോം' രീതി അഥവാ വീട്ടിലിരുന്നു ജോലി ചെയ്യുക. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് രസകരമായൊരു കത്താണ്.
പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക ട്വിറ്ററിൽ അടുത്തിടെ പോസ്റ്റ് ചെയ്തത് തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ ഭാര്യ അയച്ച കത്താണ് വൈറൽ ആകുന്നത്. ഭർത്താവിന് നൽകിയ വർക് ഫ്രം ഹോം സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന ഭാര്യയുടെ കത്താണിത്.
'തനിക്ക് എങ്ങനെയാണ് ഈ കത്തിനോട് പ്രതികരിക്കേണ്ടത് എന്നറിയില്ല' എന്ന കുറിപ്പോടെയാണ് ഗോയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞാണ് കത്തു തുടങ്ങുന്നത്. എത്രയും വേഗം തന്റെ ഭർത്താവിനെ ഓഫീസിലേക്ക് തിരികെ വിളിക്കണമെന്നും വർക്ക് ഫ്രം ഹോം സംവിധാനം തന്റെ ഭർത്താവിന്റെ കാര്യത്തിൽ അവസാനിപ്പിക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.
കൂടാതെ, രണ്ട് വാക്സിനും സ്വീകരിച്ചാൽ ഓഫീസിൽ വന്നു ജോലി ചെയ്യാൻ ഭർത്താവ് യോഗ്യനാണ് എന്നും എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും ഭർത്താവ് പാലിക്കും എന്നും ഭാര്യ ഉറപ്പ് നൽകുന്നു.
ഇനിയും വർക് ഫ്രം ഹോം തുടർന്നാൽ തങ്ങളുടെ വിവാഹബന്ധം നീണ്ടുനിൽക്കില്ല എന്നും അവർ പറയുന്നു. ഒരുദിവസം പത്തുതവണയോളം ചായ കുടിക്കും. പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. കഴിഞ്ഞില്ല, ഭർത്താവ് ഇടക്കിടക്ക് ഭക്ഷണം വേണം എന്നാവശ്യപെടുന്നുണ്ട്.
പലപ്പോഴും ഓഫീസിൽ നിന്നും കോൾ വരുമ്പോൾ അദ്ദേഹം ഉറക്കം തൂങ്ങുന്നതും സ്ഥിരം കാഴ്ചയാണ് എന്ന് ഭാര്യ പറയുന്നു. തനിക്ക് രണ്ടുകുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം തിരിച്ചുകിട്ടാന് താങ്കളുടെ സഹായം തേടുന്നുവെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
