ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് ഇന്ത്യ വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഇക്യുസിയുടെ വിൽപന രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ആണ് വാഹനം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഇക്യുസി നിലവിൽ ആറു നഗരങ്ങളിലെ 14 ഡീലർഷിപ്പുകളിൽ മാത്രമാണു വിൽപ്പനയ്ക്കുള്ളത്.
എന്നാൽ, ഈ വൈദ്യുത എസ് യു വി വിപണനത്തിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യവ്യാപകമായി തന്നെ ലഭ്യമാക്കാനാണു മെഴ്സിഡീസ് ബെൻസിന്റെ പദ്ധതി. 99.30 ലക്ഷം രൂപയായിരുന്നു ഒക്ടോബറിൽ വിൽപ്പനയ്ക്കെത്തിയ ‘ഇ ക്യു സി’ക്ക് ഇന്ത്യയിലെ ഷോറൂം വില. ആദ്യ ബാച്ചിലെ കാറുകൾ വിറ്റുപോയതോടെ ‘ഇ ക്യു സി’ക്കുള്ള ബുക്കിങ് മെഴ്സിഡീസ് ബെൻസ് താൽക്കാലികമായി നിർത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിൽപ്പന രാജ്യവ്യാപകമാക്കുന്നതിനൊപ്പം അടുത്ത ബാച്ച് ‘ഇ ക്യു സി’ക്കുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങിയതായി മെഴ്സിഡീസ് ബെൻസ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെവിടെയായാലും ‘ഇ ക്യു സി’ ഉടമകൾക്കു മികച്ച സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി രാജ്യത്തെ 50 നഗരങ്ങളിലെ 94 കേന്ദ്രങ്ങളിലും ‘ഇ ക്യു സി’യുടെ വിൽപ്പനാന്തര സേവനം ലഭ്യമാക്കാനുള്ള ഉപകരണങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കിയതായി മെഴ്സിഡീസ് ബെൻസ് ഇന്ത്യ അറിയിച്ചു.






