
തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് ആരുപോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കെ. കരുണാകരന് പാര്‍ട്ടി വിട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. താന്‍ പേ ായാലും തന്നേക്കാള്‍ മിടുക്കനായ ഒരാള്‍ ഈ സ്ഥാനത്തേക്കു വരുമെന്നും സതീശന് പറഞ്ഞു.
പാര്‍ട്ടി മാറുന്നതു പുതിയ കാര്യമല്ല. കോണ്‍ഗ്രസ് വിട്ടവരെ സിപിഎം സ്വീകരിക്കുന്നത് സ്വഭാവികമാണ്. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരേയും മാലയിട്ടു സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭാരവാഹികളൊക്കെ വെറും പെട്ടിത്തൂക്കികളാണെന്ന് പാര്‍ട്ടിക്കുള്ളിലെ ആരെങ്കിലും ആക്ഷേപിച്ചാല്‍ പൂവിട്ട് പൂജിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചപ്പോള്‍ ധിക്കാരപൂര്‍വമായ മറുപടിയാണ് കെ.പി. അനില്‍ കുമാര്‍ നല്‍കിയത്. ഇതൊന്നുംവച്ചുപൊറുപ്പിക്കാന് കഴിയില്ലെന്നും സതീശന് വ്യക്തമാക്കി.
പാര്‍ട്ടി എന്ന നിലയില്‍ അതിന്‍േ്റതായ ചട്ടക്കൂട് വേണം. അതിനപ്പുറം പോകുമ്പോള്‍ നടപടിയെടുക്കേണ്ടി വരും. കോണ്‍ഗ്രസിലും അതാണുണ്ടായത്. പാര്‍ട്ടി വിട്ടവര്‍ക്കെല്ലാം സംഘടന പലതവണ അവസരം കൊടുത്തതാണെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.





