ചൈനീസ് വാഹന ഭീമനായ എസ്എഐസിയുടെ (SAIC) സബ്സിഡിയറിയായ ബ്രിട്ടീഷ് ബ്രാൻഡ് എംജി മോട്ടോർ എസ്യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എഐ സാങ്കേതിക വിദ്യയുമായി എംജി ആസ്റ്ററിനെ അവതരിപ്പിച്ചു . അതെ സമയം ലോഞ്ചിന് മാസങ്ങൾക്ക് മുൻപേ ആസ്റ്ററിന്റെ വിശദാംശങ്ങളും ചിത്രങ്ങളും എംജി മോട്ടോർ പുറത്ത് വിട്ടു.
കിയ സെൽറ്റോസ്, ഹ്യുണ്ടേയ് ക്രേറ്റ, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുശാക് തുടങ്ങിയ വാഹനങ്ങളുമായാണ് ആസ്റ്റർ മത്സരിക്കുന്നത്. ഹെക്ടറിന് (4.6 മീറ്റർ) താഴെയായി പൊസിഷൻ ചെയ്തതാണ് ആസ്റ്ററിനെ (4.3 മീറ്റർ) എംജി മോട്ടോർ വില്പനക്കെത്തിക്കുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലെവൽ 2 വുമായി സെഗ്മെന്റിലേക്ക് എത്തുന്ന ആദ്യ വാഹനമാണ് എംജി ആസ്റ്റർ. എഐ അടിസ്ഥാനമാക്കിയുള്ള ഒരു പേഴ്സനൽ അസിസ്റ്റ് റോബോട്ട് കാറിനുള്ളിലുണ്ട്. റിപ്പോർട്ട് അനുസരിച്ചു യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബോട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മുടെ ആജ്ഞകളോടു പ്രതികരിക്കുക. സംസാരിക്കുന്ന ആളുടെ ദിശയിലേക്ക് ‘തലതിരിക്കുകയും’ ചെയ്യും.
രാജ്യാന്തര വിപണിയിലെ പുതിയ സിഎസ് എസ്യുവിയുടെ പുതിയ പതിപ്പിന്റെ സ്റ്റൈലുമായാണ് ആസ്റ്റർ എത്തിയത്. പുതിയ മുൻ ബംബർ, ഡേറ്റം എൽഇഡി ലാമ്പോടുകൂടിയ പുതിയ ഹെഡ്ലാംപ്, പുതിയ സെലിസ്റ്റിയൽ ഗ്രിൽ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ആസ്റ്ററിലുണ്ട്. രണ്ട് പെട്രോൾ എൻജിനുകളിലാണ് എംജി ആസ്റ്റർ വിപണിയിലെത്തുക. 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ഒന്ന്. ഇത് 110 എച്പി പവറും 144 എൻഎം ടോർക്കും നിർമ്മിക്കുന്നു. മറ്റൊന്ന് 140 എച്ച്പി കരുത്തും 220 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനാണ്. 1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം മാനുവൽ ഗിയർബോക്സും 8-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ആണ് ഓപ്ഷനുകൾ. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമേ 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ വാങ്ങാനാവൂ.






