
നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്യുവിയെ ഐസിസി ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക കാറായി പ്രഖ്യാപിച്ചു. നിസാൻ മാഗ്നൈറ്റിനെ ഒക്ടോബർ 17 നും നവംബർ 14 നും ഇടയിൽ ദുബായിലും ഒമാനിലും നടക്കുന്ന ഐസിസി ടൂർണമെന്റിന്റെ എല്ലാ മത്സര വേദികളിലും പ്രദർശിപ്പിക്കുമെന്നാണ് വിവരം.
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ്. 2016 മുതൽ ഐസിസി ഗ്ലോബൽ ഇവന്റുകളുടെ ഔദ്യോഗിക സ്പോൺസറാണ് നിസാൻ. "ഐസിസി ടി20 ലോകകപ്പ് സ്പോൺസർ ചെയ്യുന്നതിൽ തങ്ങൾ ഏറെ സന്തുഷ്ടരാണെന്ന്" കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
നിസാൻ മാഗ്നൈറ്റ് പൂർണമായും ഇന്ത്യയിലാണ് നിർമിക്കുന്നത്. മാത്രമല്ല, ഇത് നിരവധി വിദേശ വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. വിപണിയിൽ എത്തിയ ആദ്യ ഘട്ടത്തിൽ 4.99 ലക്ഷം മുതൽ 9.35 ലക്ഷം രൂപ വരെയായിരുന്നു നിസാൻ മാഗ്നൈറ്റിന്റെ എക്സ്ഷോറൂം വില. എന്നാൽ പിന്നീട് പല വില വർധനവിന് ശേഷം 5.50 ലക്ഷം മുതൽ 9.90 ലക്ഷം വരെയായി ഉയർന്നു. 2020 ഡിസംബറില്‍ വിപണിയിൽ എത്തിയതു ശേഷം ഇന്ത്യയിൽ മാത്രമായി സബ് കോംപാക്ട് എസ്യുവിക്കായി 60,000 ബുക്കിംഗുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.






