
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദിന് സംസ്ഥാനത്ത് സിപിഐഎം പിന്തുണ നല്‍കുമെന്ന് എ വിജയരാഘവന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.
അതേസമയം, സമരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഇടത് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ത്രിപുരയിലെ അക്രമ സംഭവങ്ങള്‍ക്ക് എതിരെ പ്രചാരണം ശക്തമാക്കുമെന്നും വിജയരാഘവന് വ്യക്തമാക്കി. അക്രമ സംഭവങ്ങളുടെ ഇരകളെ സഹായിക്കാനായി ധന സമാഹരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന സമരം പത്താം മാസത്തിലും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സെപ്തംബര്‍ 27 ന് സംയുക്ത സമര സമിതി ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.






