
ബീജിംഗ്: ചൈനീസ് യുദ്ധവിമാനമായ ജെ-10 പറത്തിയ ആദ്യ വനിതാ വൈമാനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ഉത്തര പ്രവിശ്യയായ ഹെബീയില് കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് യു സൂ (30) മരിച്ചതെന്ന് ചൈന ഡെയ്ലി ദിനപത്രം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് എയര്‍ഫോഴ്സിന്റെ 'ഓഗസ്റ്റ് ഫസ്റ്റ്' എയ്റോബാറ്റിക് ഡിസ്പ്ലെ ടീമില്‍ അംഗമായിരുന്ന യു സൂ വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ മറ്റൊരു വിമാനത്തിന്റെ ചിറകില്‍ ഇടിക്കുകയായിരുന്നു. യു സുവിനൊപ്പമുണ്ടായിരുന്ന മറ്റൊരു പുരുഷ പൈലറ്റ് സുരക്ഷിതനായി നിലത്തിറങ്ങി.
ചൈനീസ് വ്യോമസേനയില്‍ യുദ്ധവിമാനം പറത്തി യോഗ്യത തെളിയിച്ച നാലു വനിതകളില്‍ ഒരാളായിരുന്നു യു സു. അവരുടെ വിയോഗം ചൈനീസ് വ്യോമസേനയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ഗ്ലോബല്‍ ടൈംസ് ന്യൂസ്പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2005ലാണ് യു സു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നത്. നാലു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് യു സു അടക്കം 16 വനിതകള്‍ യുദ്ധവിമാനം പറത്താന്‍ യോഗ്യത നേടിയത്. അവരില്‍ ജെ-10 പറത്താന്‍ കഴിഞ്ഞ ആദ്യ വനിതയുമായിരുന്നു യു സു.






