
ടാറ്റ മോട്ടോർസ് എക്സ്പ്രസ്-ടി ഇലക്ട്രിക് സെഡാന്റെ വില പ്രഖ്യാപിച്ചു. ടാക്സി വിപണിയ്ക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന എക്സ്പ്രസ്-ടി ഇലക്ട്രിക് സെഡാന്റെ വില 9.54 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. റിപ്പോർട്ട് പ്രകാരം കോംപാക്ട് സെഡാനായ ടിഗോറിന്റെ 2019ൽ വിപണിയിലെത്തിയ ഇലക്ട്രിക്ക് പതിപ്പിന്റെ പരിഷ്കരിച്ച മോഡലാണ് എക്സ്പ്രസ്-ടി ഇവി. അടുത്തിടെ ടിഗോർ ഇവിയുടെസിപ്ട്രോൺ സാങ്കേതിക ചേർത്ത് സ്വകാര്യ വാഹന വിപണിയിൽ അവതരിപ്പിച്ച ടാറ്റ മോട്ടോർസ്, എക്സ്പ്രസ്-ടി ഇവി എന്ന പേരിൽ മുൻ മോഡലിനെയാണ് പേരുമാറ്റി പരിഷ്കരിച്ച് ടാക്സി വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
പുതിയ എക്സ്പ്രസ്-ടി ഇവിയുടെ ഡിസൈൻ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മുഖം മിനുക്കിയെത്തിയ ടിഗോറിന് സമാനമാണ്. എന്നാൽ, ഹെഡ്ലാമ്പിനും ഗ്രിൽ ഭാഗത്തിനും (ഇലക്ട്രിക്ക് വാഹനം ആയതിനാൽ ഗ്രിൽ ഇല്ല) താഴെയായി നീല (അക്വാ) നിറത്തിലുള്ള ലൈനിങ്, ഗ്രിൽ ഭാഗത്ത് ട്രൈആരോ പാറ്റേൺ, ചാർജിങ് സോക്കറ്റ് എന്നിവയാണ് ഇടം പിടിച്ചിരിക്കുന്നത്. എക്സ്പ്രസ്-ടി ഇവിയുടെ ഇന്റീരിയറും പുത്തൻ ടിഗോറിന് സമാനമാണ്. പ്രധാന മാറ്റം ചാർജിങ്ങിന്റെ അവസ്ഥ വെളിപ്പെടുത്തുന്ന നീല നിറത്തിലുള്ള ഹൈലൈറ്റ് ആണ്.
രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് എക്സ്പ്രസ്-ടി ഇവി വിപണിയിലെത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 16.5 കിലോവാട്ട് ബാറ്ററി പായ്ക്കും എക്സ്റ്റെൻഡഡ് റേഞ്ച് മോഡലിൽ 21.5 കിലോവാട്ട് പായ്ക്കുമാണ്. 70V ത്രീ-ഫേസ് ഇൻഡക്ഷൻ മോട്ടോറാണ് ബാറ്ററികളിൽ നിന്നും പവർ സ്വീകരിക്കുന്നത്. 30 കിലോവാട്ട് (41 എച്ച്പി), 105 എൻഎം ടോർക്ക് പുറപ്പെടുവിക്കുന്നു.






