
സ്പോർട്ടി ലുക്കിൽ ടിവിഎസ്സിന്റെ പുത്തൻ 125 ബൈക്ക് റൈഡർ വിപണിയിലെത്തി. യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്ന ബൈക്കിന്റെ ഡ്രം ബ്രേയ്ക്ക് പതിപ്പിന് 77,500 രൂപയും, ഡിസ്ക് ബ്രെയ്ക്കുള്ള പതിപ്പിന് 85,469 രൂപയുമാണ് എക്സ്-ഷോറൂം വിലകൾ.
ടിവിഎസ് റൈഡറിന്റെ മുൻകാഴ്ചയിലെ ആകർഷണം ഡേടൈം റണ്ണിങ് ലാമ്പുകളുള്ള പുതിയ എൽഇഡി ഹെഡ്ലാമ്പാണ്.സ്പ്ലിറ്റ് സീറ്റ്, അലുമിനിയം ഗ്രാബ് റെയിൽ, മസ്കുലാർ ലുക്കിൽ ഷ്റോഡുകൾ സഹിതമുള്ള പെട്രോൾ ടാങ്ക്, എൻജിൻ കൗൾ, എൽഇഡി ടെയിൽലൈറ്റ്, 17-ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ബൈക്കിന്റെ ആകർഷണങ്ങൾ. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ ടിവിഎസ് റൈഡർ 125 വാങ്ങാം. ഇന്ധന ടാങ്കിൽ 3D ലോഗോയും സൈഡ് പാനലിലെ റൈഡർ ലോഗോയും ചേർത്തിട്ടുണ്ട്.
ടിവിഎസ് റൈഡർ 125നെ ചലിപ്പിക്കുന്നത് 124.8 സിസി, മൂന്ന്-വാൽവ്, എയർ-കൂൾഡ് എഞ്ചിനാണ്. 7,500 ആർപിഎമ്മിൽ 11.4 എച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 11.2 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ് ഈ എൻജിൻ. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 67 കിലോമീറ്റർ ഇന്ധനക്ഷമത റൈഡർ 125നുണ്ട് എന്നാണ് റിപ്പോർട്ട്. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ഇൻഡിക്കേറ്റർ, മൂന്ന് ട്രിപ്പ് മീറ്റർ, നിലവിലുള്ള ഇന്ധനത്തിൽ സഞ്ചരിക്കാവുന്ന ദൂരം, ഗിയർ-ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ശരാശരി സ്പീഡ് എന്നിങ്ങനെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ കൺസോളാണ് ടിവിഎസ് റൈഡർ 125ന്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുള്ള ഓപ്ഷണൽ ടിഎഫ്ടി സ്ക്രീൻ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാക്കും എന്നും ടിവിഎസ് പറയുന്നു. സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ചും റൈഡറിനുണ്ട്.






