
പ്രീമിയം എംപിവിയായി കാർണിവൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്. ഇപ്പോളിതാ ഒന്നര വർഷത്തിന് ശേഷം പരിഷ്കരിച്ച കാർണിവലിനെ കിയ ഇന്ത്യ വില്പനക്കെത്തിച്ചു. ചില ഫീച്ചർ മാറ്റങ്ങളും ഒപ്പം പുതിയ ലിമോസിൻ പ്ലസ് വേരിയന്റുമാണ് 2021 കിയ കാർണിവലിന്റെ ആകർഷണം. ഇതോടൊപ്പം, എല്ലാ വേരിയന്റുകളുടെ വിലയും വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
2021 കാർണിവൽ പതിപ്പിന്റെ ആകർഷണം പുതിയ കിയ ലോഗോയാണ്. ഇതോടൊപ്പം കാർണിവലിന്റെ എല്ലാ വേരിയന്റുകൾക്കും ഇപ്പോൾ 18-ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് സ്റ്റാൻഡേർഡ് ആണ്.ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 8 സ്പീക്കറുള്ള ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, സീറ്റ് വെന്റിലേഷനോടുകൂടിയ 10-രീതിയിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ചേർന്ന ലിമോസിൻ പ്ലസ് വേരിയന്റ് ആണ് പുത്തൻ താരം.
ബിഎസ്6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന് കരുത്ത് പകരുന്നത്. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ ട്രിമ്മുകളിൽ ഇപ്പോൾ പ്രീമിയം ലെഥറെറ്റ് സീറ്റുകൾ ലഭ്യമാണ്.






