
ഇന്ത്യയിൽ കോംപാക്ട് എസ്യുവി സെഗ്മെന്റിലേക്ക് സിട്രോൺ സി3 എത്തുന്നു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ നിർമ്മിച്ച് വില്പനക്കെത്തുന്ന സി3യുടെ ചിത്രങ്ങളും വിശദാംശങ്ങളും സിട്രോൺ പുറത്ത് വിട്ടു. കാഴ്ച്ചയിൽ കോംപാക്ട് എസ്യുവിയ്ക്ക് സമാനമാണെങ്കിലും അല്പം ഉയരം കൂടിയ പ്രീമിയം ഹാച്ച്ബാക്കാണ് സി3 എന്നാണ് സിട്രോൺ പറയുന്നത്.
90 ശതമാനത്തിലധികം പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാഹനമായിരിക്കും സി3 എന്ന് സിട്രോൺ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ചു സിട്രോണിന്റെ സി-ക്യൂബ് പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന മൂന്ന് വാഹനങ്ങളിൽ ആദ്യത്തേതാണ് സി3 പ്രീമിയം ഹാച്ച്ബാക്ക്. ഇത് സി-ക്യൂബ് പ്രോഗ്രാമിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ വാഹനം കോംപാക്ട് എസ്യുവിയാവും എന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് സിട്രോൺ സി3 പ്രീമിയം ഹാച്ച്ബാക്കിന്റെ വരവ്.
സിട്രോൺ സി3 തയ്യാറാക്കിയിരിക്കുന്നത് സിഎംപി മോഡുലാർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ്. ഇന്ത്യയ്ക്കായി ഈ പ്ലാറ്റ്ഫോം 90 ശതമാനത്തിലധികം പ്രാദേശികവൽക്കരിച്ചിട്ടുണ്ട്. ഏകദേശം 6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയിൽ സിട്രോൺ സി3യുടെ വില പ്രതീക്ഷിക്കാം. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബന്ധിപ്പിച്ച 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് സിട്രോൺ സി3യെ ചലിപ്പിക്കുക എന്നാണ് റിപ്പോർട്ട്. മാത്രമല്ല, ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.






