
അമൃത്സര്‍: അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ ടെക്നികല്‍ എജ്യുക്കേഷന്‍ മന്ത്രിയായിരുന്ന ചരണ്‍ജിത്ത് സിങ് ചന്നി പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാവും. ദളിത് സമുദായത്തില്‍പ്പെട്ട ആളാണ് ചന്നി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അദ്ദേഹം വൈകീട്ട് ഗവര്‍ണറെ കാണും.
ഏറെ നാളത്തെ ഗ്രൂപ്പ് പോരിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അധികാരത്തിലേറിയത് മുതല്‍ നവജ്യോത് സിങ് സിദ്ദുവുമായി അമരീന്ദറിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് നേതൃത്വം നിരവധി തവണ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. കൂടുതല്‍ എം.എല്‍.എമാര്‍ അമരീന്ദറിനെതിരെ രംഗത്ത് വന്നതോടെയാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ടത്.
സ്ഥാനമൊഴിയുന്ന മറ്റൊരു മന്ത്രി - സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയെ മുഖ്യമന്ത്രിയായി പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തിരഞ്ഞെടുത്തുവെന്നും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം ഉടന്‍ വരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ചരണ്‍ജിത് സിംഗ് ചന്നിയുടെ നിയമന വാര്‍ത്ത വന്നത്. മുഖ്യമന്ത്രിയായി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റുകയായിരുന്നു.






