
കിയയുടെ പ്രീമിയം എംപിവി കാർണിവൽ സ്വന്തമാക്കി ഗായകൻ ശങ്കർ മഹാദേവൻ. മുംബൈയിലെ കിയ വിതരണക്കാരിൽ നിന്നാണ് ശങ്കർ മഹാദേവൻ കിയയുടെ എംപിവി വാങ്ങിയത്. ബിഎംഡബ്ല്യു 7 സീരിസിൽ ഡീലർഷിപ്പിലെത്തി കാർണിവൽ സ്വന്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കിയ കാർണിവല്ലിന്റെ 7 സീറ്റ് കോൺഫിഗറേഷനിലുള്ള മോഡലാണ് ശങ്കർ മഹാദേവൻ വാങ്ങിയത്. എന്നാൽ ഏത് വകഭേദമാണെന്ന് വ്യക്തമല്ല. പുറത്തിറങ്ങിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കാർണിവല്ലിന് ലഭിക്കുന്നത്. BS6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന്റെ കരുത്ത്.
ഈ എൻജിൻ 200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. ഏകദേശം 24.95 ലക്ഷം രൂപ മുതൽ 29.95 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കിയ കാര്‍ണിവല്‍ ഓസ്ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തനാണെന്ന് തെളിയിച്ചിരുന്നു.






