
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ തങ്ങളുടെ വാഹനങ്ങൾക്ക് 80,000 രൂപ വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പുതിയ ഡിസ്കൗണ്ട് ഓഫറിന്റെ കാലാവധി ഈ മാസം അവസാനം വരെയാണ്. വിലക്കുറവ്, ലോയൽറ്റി ബോണസ്, ഇഎംഐ ഓഫറുകൾ, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിങ്ങനെയാണ് 80,000 രൂപ വരെ ഡിസ്കൗണ്ട് റെനോ തങ്ങളുടെ വാഹനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപയുടെ കോർപ്പറേറ്റ് ബോണസുമാണ് എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന് റെനോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് 65,000 രൂപ വരെയുള്ള പ്രത്യേക ലോയൽറ്റി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും എന്നും റെനോ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം 2020ൽ നിർമ്മിച്ച ക്വിഡ് യൂണിറ്റ് (ഇതുവരെ വിറ്റഴിഞ്ഞിട്ടില്ലാത്തത്) വാങ്ങുകയാണെങ്കിൽ 10,000 രൂപ കൂടെ ഡിസ്കൗണ്ട് ആയി ലഭിക്കും.
80,000 രൂപ വരെ ആനുകൂല്യങ്ങൾ ആണ് ഡസ്റ്റർ എസ്യുവിയ്ക്ക് റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്. 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 30,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപെടെയാണിത്. കൂടാതെ, റെനോ ഡസ്റ്റർ വാങ്ങുന്നവർക്കായി 1.1 ലക്ഷം രൂപ വരെയുള്ള ലോയൽറ്റി ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രൈബർ, കൈഗർ വാഹനങ്ങൾക്കും ഓഫറുകൾ ലഭ്യമാണ്. ചില തെരഞ്ഞെടുത്ത റെനോ വാഹനങ്ങളുടെ വേരിയന്റുകൾക്ക് ഇഎംഐ ഹോളിഡേ സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്.






