
ടാറ്റ മോട്ടോഴ്സ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ സഫാരിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. 21.89 ലക്ഷം രൂപയാണു ഗോൾഡ് എഡീഷന്റെ ഷോറൂം വില. വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. സഫാരി ഗോൾഡ് എഡീഷൻ വിവൊ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ 2021 സീസന്റെ രണ്ടാം പാദത്തിൽ പ്രദർശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആദ്യ രണ്ടു നിരയിലും വെന്റിലേഷൻ സൗകര്യത്തോടെയുള്ള ലതർ സീറ്റ്, വൈഫൈ ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി തുടങ്ങി അകത്തളത്തിൽ കാര്യമായ മാറ്റമാണു ‘സഫാരി ഗോൾഡ് എഡീഷനി’ൽ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്.
നിരത്തിലെത്തി അഞ്ചു മാസത്തിനകം 10,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് ‘സഫാരി’ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ – ഇലക്ട്രിക് വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ അഭിപ്രായപ്പെട്ടു. മാത്രമല്ല, ഈ വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലും ‘സഫാരി’യാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.






