
കോട്ടയം: ഹിന്ദുത്വത്തിറെ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബി.ജെ.പിയും ആര്.എസ്.എസും യോജിപ്പോടെയുള്ള സഹവര്ത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാന് ശ്രമിക്കുന്നുവെന്നു സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട്. ഈ പശചാത്തലത്തിലാണ് പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെ കാണേണ്ടത്. കത്തോലിക്കാ സഭ നേരതെത ലവ് ജിഹാദ് വാദം ഉയര്ത്തിയിരുന്നെങ്കിലും 'നര്ക്കോട്ടിക് ജിഹാദിന്റെ' ഭീഷണി പുതിയതാണ്. ജിഹാദികള് അമുസ്ലീങ്ങളെ നശിപ്പിക്കാന് മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്. ഈ ആരോപണം സ്വാഭാവികമായും കേരള സമൂഹത്തില് ആശങ്കയും സംശയവും ഉളവാക്കിയെന്നും പ്രകാശ് കാരാട്ട് 'ദേശാഭിമാനി'യില് എഴുതിയ ലേഖനത്തില് പറയുന്നു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവര്ത്തിക്കുന്നുണ്ട. എന്നാല് ഏതെങ്കിലും തീവ്രവാദ മത സംഘടനകള്ക്കു മേല് ഇത് ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിട്ടുണ്ട്. 'ജിഹാദികളുടെ ഗൂഢാലോചന' എന്ന വാദം രാഷ്ട്രീയ വൃത്തങ്ങള് തള്ളിക്കളഞ്ഞപ്പോള്, ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാന് ബി.ജെ.പി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവര്ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലീം, ക്രിസത്യന് സമുദായങ്ങള്ക്കിടയില് വിള്ളല് വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബി.ജെ.പി ഇതിനെ നല്ല അവസരമാക്കി മാറ്റി.
രണ്ട് യുവതികള് മതംമാറി തീവ്രവാദ സ്വാധീനത്തില്പെട്ടതിനെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളു. അത്തരം തീവ്രവാദ സ്വാധീനങ്ങള്ക്ക് ഇരയാകുന്നതിനെതിരെ അവരുടെ സഭയ്ക്ക് മുന്നറിയിപ്പ് നല്കുന്നത് അവരുടെ ഭാഗത്തുനിന്ന് ശരിയായിരിക്കും. എന്നിരുന്നാലും ഇവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു.

ബി.ജെ.പി, ആര്.എസ്.എസ് കൂട്ടുകെട്ട് മുസ്ലീങ്ങള്ക്കെതിരെ തങ്ങളുടെ നിലപാട് കര്ശനമാക്കുമ്പോള് തന്ത്രപരമായി ക്രിസ്ത്യന് പുരോഹിതനെ അവരുടെ ഭാഗത്തേക്ക് അണിനിരത്താന് ശ്രമിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്പ് പ്രധാനമന്ത്രി മോദി തന്നെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കളെ കണ്ടിരുന്നു. കേരളത്തിലെ ക്രൈസ്തവര്ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും യഥാര്ത്ഥ സ്വഭാവം മനസ്സിലാക്കണം. ഹിന്ദുത്വ ശക്തികള് മതന്യുനപക്ഷങ്ങള്ക്കെതിരെ അത് മുസ്ലീങ്ങളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ്.
ക്രൈസ്തവര്ക്കിടയില് ചെറിയൊരു പരിധിവരെ തീവ്രവാദ കാഴ്ചപ്പാടുകള് ഉയര്ന്നുവന്നിട്ടുണ്ട്. സാമുഹ്യ, സാമ്പത്തിക പ്രശ്നങ്ങളില് നിന്ന് ഉയര്ന്നുവരുന്ന മതബോധവും വര്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ഇതിന് ഒരു കാരണമാണ്. ബിഷപിന്റെ പ്രസംഗത്തിനു ശേഷം സമൂഹ മാധ്യമങ്ങളില് വ്യത്യസ്ത പ്രതികരണങ്ങളും പ്രതിവാദങ്ങളും യര്ന്നുവരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ ഏറ്റവും തീവ്രവും സാമുദായികവുമായ പ്രകോപനപരമായ ഉള്ളടക്കം തടയാന് സര്ക്കാര് മുന്നിട്ടിറങ്ങേണ്ടിവരുമ്പോള്, എല്ലാ മേഖലകളിലും വര്ഗീയവും ഭിന്നിപ്പിക്കുന്നതുമായ ശക്തികളെ ചെറുക്കാനും മതസൗഹാര്ദ്ദം സംരക്ഷിക്കുന്നതിനുമുള്ള പ്രധാന കടമ നിറവേറ്റേണ്ടതുണ്ട്. സമൂഹത്തിലെ എല്ലാ പുരോഗമന വിഭാഗങ്ങളുടെയും സഹകരണവും ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഈ ദൗത്യം ഏറ്റെടുക്കേണ്ടതെന്നും പ്രകാശ് കാരാട്ട് ലേഖനത്തില് പറയുന്നു.







Comments