യമഹ പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്ന മാക്സി സ്പോർട്ടി ലുക്കുള്ള സ്കൂട്ടറാണ് എയ്റോക്സ് 155. റേസിംഗ് ബ്ലൂ, ഗ്രേ വെർമില്ലിയൻ നിറങ്ങളിൽ വാങ്ങാവുന്നതാണ്. യമഹ എയ്റോക്സ് 155ന് 1.29 ലക്ഷം ആണ് എക്സ്-ഷോറൂം വില. റിപ്പോർട്ട് അനുസരിച്ചു മോട്ടോജിപി റെയ്സിൽ പങ്കെടുക്കുന്ന മോൺസ്റ്റർ എനർജി യമഹ ടീമിന്റെ സ്റ്റിക്കറുകൾ പതിപ്പിച്ച മോട്ടോജിപി എഡിഷനിലും എയ്റോക്സ് 155 വാങ്ങാം. 1000 രൂപ കൂടുതൽ നൽകണം.
സ്റ്റെപ്പ്-അപ്പ് സീറ്റ്, വലിയ 24.5 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ട്വിൻ-പോഡ് ഹെഡ്ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്ബോർഡ്, ഫ്രണ്ട് പോക്കറ്റ്, ബോഡി-നിറമുള്ള അലോയ് വീലുകൾ എന്നിങ്ങനെ ആകെ മൊത്തം സ്പോർട്ടി ലുക്കിലാണ് എയ്റോക്സ് 155 വിപണിയിലെത്തിയിരിക്കുന്നത്. 14-ഇഞ്ച് അലോയ് വീലുകളും, 140 സെക്ഷൻ പിൻ ടയറും എയ്റോക്സ് 155ന്റെ സ്പോർട്ടി ലൂക്ക് പൂർണമാകുന്നു.
എയ്റോക്സ് 155 നെ ചലിപ്പിക്കുന്നത് പുതിയ യമഹ R15 വേർഷൻ 4.0യെ ചലിപ്പിക്കുന്ന 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയാണ്. എന്നാൽ, പവർ 4 ബിഎച്പി കുറവാണ്. 8,000 ആർപിഎമ്മിൽ 14.7 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 13.9 എൻഎം പരമാവധി ടോർക്കും നിർമ്മിക്കുന്ന എൻജിൻ സിവിടി ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിഫങ്ഷൻ കീ, എൽഇഡി പൊസിഷൻ ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റ്, ഓട്ടോമാറ്റിക് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷൻ, എബിഎസ് എന്നിങ്ങനെ ഒരു നീണ്ട ഫീച്ചർ ലിസ്റ്റുമായാണ് യമഹ എയ്റോക്സ് 155 വിപണിയിലെത്തിയിരിക്കുന്നത്.






