
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ സിറ്റിയുടെ പുതിയ തലമുറ മോഡൽ അവതരിപ്പിച്ചത്. ഹോണ്ട സിറ്റിയ്ക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ പുത്തൻ സിറ്റിയ്ക്കും ഇന്ത്യയിൽ ഗംഭീര വരവേൽപ്പ് ലഭിച്ചു. പുതിയ റിപ്പോർട്ട് പ്രകാരം അടുത്ത വർഷം ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് വിപണിയിൽ എത്തിച്ചേക്കും.
മൈലേജിന്റെ കാര്യത്തിൽ ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഒന്നാമനാണെന്നാണ് സൂചന. ലിറ്ററിന് 27.7 കിലോമീറ്റർ ആണ് നിലവിൽ മലേഷ്യൻ വിപണിയിൽ വില്പനയിലുള്ള സിറ്റി ഹൈബ്രിഡിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്. തായ്ലൻഡിൽ ഇത് ലിറ്ററിന് 27.8 കിലോമീറ്ററും. അടുത്ത വർഷം പകുതിയോടെ സിറ്റി സെഡാൻ ഇന്ത്യയിലെത്തുമ്പോൾ സമാനമായ ഇന്ധന ക്ഷമത പ്രതീക്ഷിക്കാം.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിൽ ഒന്നാവും ഹോണ്ട സിറ്റി. നിലവിൽ പുത്തൻ ഹോണ്ട സിറ്റിയുടെ പെട്രോൾ- മാന്വൽ പതിപ്പിന് 17.8 കിലോമിറ്റർ മൈലേജും, പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിന് 18.4 കിലോമിറ്റർ മൈലേജും, ഡീസൽ മാന്വൽ പതിപ്പിന് 24.1 കിലോമീറ്റർ മൈലേജുമാണ് ഹോണ്ട അവകാശപ്പെടുന്നത്.






