അടുത്തിടെയാണ് തെലുങ്ക് സൂപ്പർ താരമായ ജൂനിയർ എൻ.ടി.ആർ ലംബോർഗിനിയുടെ ഉറൂസ് എസ്.യു.വി സ്വന്തമാക്കിയത്. സാധാരണ ഉറൂസിന് പകരം സ്പെഷൻ എഡിഷൻ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ പതിപ്പാണ് താരം വാങ്ങിയത്. തന്റെ ഉറൂസിന്റെ പ്രത്യേക രജിസ്ട്രേഷൻ നമ്പറിനായി താരം ഇപ്പോൾ 17 ലക്ഷം രൂപ അടച്ചതായാണ് റിപ്പോർട്ട്. ടിഎസ് 09 എഫ്എസ് 9999 എന്ന നമ്പർ സ്വന്തമാക്കാനാണ് താരം 17 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചത്.
ജൂനിയർ എൻടിആറിന്റെ ബിഎംഡബ്ല്യുവിന്റെ നമ്പറും 9999 ആണ്. ജൂനിയർ എൻടിആർ ഇന്ത്യയിലെ ആദ്യത്തെ ലംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി രണ്ടാം ദിനം തന്നെ സ്വന്തമാക്കിയിരുന്നു. നീറോ നോക്റ്റിസ് മാറ്റ് നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് അദ്ദേഹം സ്വന്തമാക്കിയത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയർ സ്പോയ്ലർ, 23 ഇഞ്ച് അലോയ് വീലുകള് എന്നിവ വാഹനത്തിനുണ്ട്. ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ എത്തിയത്.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. സ്പെഷ്യൽ എഡിഷൻ ഉറൂസിന് പ്രത്യേക മാറ്റ് ഫിനിഷും ഒാറഞ്ച് കളർ കോമ്പിനേഷനും ലഭിക്കും. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് നിരവധി വിഷ്വൽ അപ്ഗ്രേഡുകൾ ലഭിക്കും. 4.0 ലിറ്റർ, ഇരട്ട ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. പരമാവധി 650 പിഎസ് കരുത്തും 850 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും.






