
ഫോക്സ്വാഗന്റെ കോംപാക്ട് എസ്യുവി ടൈഗൂൺ വിപണിയിൽ. ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് ഫോക്സ്വാഗൺ ടൈഗൂൺ എത്തുന്നത്. വാഹനത്തിന്റെ എക്സ്ഷോറൂം വില 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ്. ഡൈനാമിക് ലൈനിന് കീഴെ കംഫർട്ട്ലൈൻ, ഹൈലൈൻ, ടോപ്ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്യുവി വിപണിയിലെത്തിയിരിക്കുന്നത്.
ഈ മാസം ആദ്യം മുതൽ ഫോക്സ്വാഗൻ ടൈഗൂണിനുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. ഫോക്സ്വാഗൺ ടൈഗൂണിനും MQB A0-IN പ്ലാറ്റ്ഫോമിൽ തന്നെ തയ്യാറാക്കുന്ന സ്കോഡ ബ്രാൻഡിൻ്റെ അടുത്തിടെ വിപണിയിലെത്തിയ കുഷാക്ക് എസ്യുവിയുടെ ഏറെക്കുറെ സമാനമായ വിലയാണ്. ഇന്ത്യൻ കോംപാക്ട് എസ്യുവി വിപണിയിൽ ഹ്യുണ്ടേയ് ക്രേറ്റ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, എംജി ഹെക്ടർ പ്ലസ് എന്നീ വാഹങ്ങളായിരിക്കും പ്രധാന എതിരാളികൾ.
ഫോക്സ്വാഗൺ ടൈഗൂൺ രണ്ട് പെട്രോൾ എഞ്ചിനിലാണ് വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനൊപ്പം ലഭിക്കും. 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കും.
6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ഇത് ലഭിക്കും. 7-സ്പീഡ് ഡിസിടി ഗിയർബോക്സുള്ള പതിപ്പിന് ജിടി ബ്രാൻഡിങും ഉണ്ടായിരിക്കും. ആറ് എയർബാഗുകൾ, ഇബിഡിയോടുകൂടിയ എബിഎസ്, ഇഎസ്സി (എല്ലാ ട്രിമ്മുകളിലുടനീളം സ്റ്റാൻഡേർഡ്), ടയർ പ്രഷർ ഡിഫ്ലേഷൻ വാണിംഗ്, ഹിൽ ഹോൾഡ് കൺട്രോൾ, പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് സുരക്ഷാ സംവിധാനങ്ങൾ.






