
ടാറ്റ മോട്ടോർസ് പഞ്ച് എന്ന പേരിൽ മൈക്രോ എസ്യുവി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. മാരുതി സുസുക്കി എസ്പ്രെസ്സോ, റെനോ കിഗർ എന്നീ കാറുകൾ ആയിരിക്കും പ്രധാന എതിരാളികൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സിന്റെ സ്റ്റാളിൽ ഏറെ ശ്രദ്ധയാകർഷിച്ച എച്ബിഎക്സ് കോൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് പഞ്ച്. പഞ്ചിന്റെ വിർച്വൽ അവതരണം അടുത്ത മാസം നാലിനാണ് ടാറ്റ മോട്ടോർസ് ക്രമീകരിച്ചിരിക്കുന്നത്.
പഞ്ചിന്റെ എൻജിൻ, ഗിയർബോക്സ്, ഫീച്ചർ വിശദാംശങ്ങൾ അവതരണ വേളയിൽ ടാറ്റ മോട്ടോർസ് പുറത്ത് വിടും. ഒക്ടോബർ നാലിന് ടാറ്റ മോട്ടോർസ് വേരിയന്റുകളെപ്പറ്റിയും നിറങ്ങളെപ്പറ്റിയുമുള്ള വിവരങ്ങളും പുറത്ത് വിടും. അവതരണത്തോടൊപ്പം ടാറ്റ പഞ്ചിന്റെ ബുക്കിങ് ആരംഭിക്കാനാണ് സാദ്ധ്യത. അതെ സമയം അടുത്ത മാസം പകുതിയോടെ പഞ്ചിന്റെ വില പ്രഖ്യാപനവും വില്പനയും മാത്രമേ ആരംഭിക്കൂ എന്നാണ് റിപ്പോർട്ട്.
അടുത്തിടെ പഞ്ചിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ ചിത്രങ്ങൾ ടാറ്റ മോട്ടോർസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പഞ്ച് എസ്യുവിയിൽ മുൻഭാഗത്ത് രണ്ടായി ഭാഗിച്ച ഹെഡ് ലാംപ് ക്ലസ്റ്റർ, ഹ്യൂമാനിറ്റി ലൈൻ എന്നിങ്ങനെയുള്ള കോൺസെപ്റ്റ് മോഡലിന്റെ ഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻ ബമ്പറിൽ പ്ലാസ്റ്റിക് ക്ളാഡിങും ടാറ്റ മോട്ടോഴ്സിന്റെ പുതിയ ട്രൈ-ആരോ പാറ്റേർണിലുള്ള എയർ ഡാമും കാണാം. പുത്തൻ ഡിസൈനിൽ 16 ഇഞ്ച് അലോയ് വീലുകൾ, റൂഫിന് ഫ്ളോട്ടിങ് ഇഫക്ട് നൽകാൻ ഡ്യുവൽ ടോൺ, പില്ലറുകൾക്ക് കറുപ്പ് നിറം എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. റിപ്പോർട്ടുകൾ അനുസരിച്ചു 86 ബിഎച്ച്പി പവറും 114 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന ടാറ്റ ആൽട്രോസിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവോട്രോൺ പെട്രോൾ എൻജിനായിരിക്കും ടാറ്റ പഞ്ചിന്റെ ഹൃദയം.






