
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി നർസോ 50 ശ്രേണിയിലുള്ള ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതുതായി വില്പനക്കെത്തിയിരിക്കുന്നത് നാർസോ 50A, നാർസോ 50i എന്നിങ്ങനെ രണ്ട് ഫോണുകളാണ്. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് നിറങ്ങളിൽ റിയൽമി നാർസോ 50i വാങ്ങാം. ബജറ്റ് ഫോണായ റിയൽമി നാർസോ 50iയുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 7,499 രൂപയും, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 8,499 രൂപയുമാണ് വില.
ഓക്സിജൻ ബ്ലൂ, ഓക്സിജൻ ഗ്രീൻ നിറങ്ങളിലാണ് റിയൽമി നാർസോ 50A വാങ്ങാവുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,499 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,499 എന്നിങ്ങനെയാണ് റിയൽമി നാർസോ 50Aയുടെ വിലകൾ. അടുത്ത മാസം 7ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ലിലാണ് ഇരു ഫോണുകളുടെയും വില്പന ക്രമീകരിച്ചിരിക്കുന്നത്. അന്നേ ദിവസം മുതൽ റിയൽമി.കോം വെബ്സൈറ്റിലും പുത്തൻ ഫോണുകളുടെ വില്പന ആരംഭിക്കും.
89.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതമുള്ള 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. 4 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂണിസോക് 9863 SoC ആണ് പ്രോസസ്സർ. ആൻഡ്രോയ്ഡ് 11 അധിഷ്ഠിത റിയൽമി യുഐ ഗോ പതിപ്പാണ് റിയൽമി നാർസോ 50iയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. 43 ദിവസത്തെ സ്റ്റാൻഡ്ബൈ സമയം വാഗ്ദാനം ചെയ്യുന്നു എന്ന് റിയൽമി അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 50iയിൽ. 6.5-ഇഞ്ച് HD+ (720x1,600 പിക്സലുകൾ) വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേയാണ് നാർസോ 50Aയ്ക്ക്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി UI 2.0-ൽ ആണ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 50Aയ്ക്ക്.






