
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള എന്‍ട്രി മുതല്‍ വലിയ സ്വീകാര്യത സ്വന്തമാക്കിയ വാഹനമാണ്. ഇപ്പോളിതാ ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി അല്‍ട്രോസ് ജൈത്രയാത്ര തുടരുകയാണെന്ന് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
ഒരു ലക്ഷം തികയുന്ന വാഹനത്തിന്റെ നിര്‍മാണം ടാറ്റയുടെ പൂണെയിലെ പ്ലാന്റിലാണ് പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡം ഇന്ത്യയുടെ വാഹന ലോകത്തെ പ്രതിസന്ധിയിൽ ആക്കിയപ്പോഴും കഴിഞ്ഞ 20 മാസത്തിനുള്ളിലാണ് അല്‍ട്രോസ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വാഹനങ്ങളെക്കാള്‍ ബുക്കിങ്ങ് ഈ മോഡലിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ എണ്ണം ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയില്ല.
5.89 ലക്ഷം രൂപ മുതല്‍ 9.60 ലക്ഷം രൂപ വരെയാണ് അല്‍ട്രോസിന്റെ ഡല്‍ഹിയിലെ എക്സ്ഷോറും വില. ജനുവരിയിലാണ് ടാറ്റ അല്‍ട്രോസ് നിരത്തുകളില്‍ എത്തുന്നത്. മൂന്ന് എന്ജിന് ഓപ്ഷനുകളിലായി ആറ് വേരിയന്റുകളിലാണ് അല്‍ട്രോസ് വിപണിയില്‍ എത്തിയിട്ടുള്ളത്. 1.2 റെവോട്രോണ്‍ പെട്രോള്‍ എന്ജിന്, 1.2 ലിറ്റര്‍ ഐ-ടര്‍ബോ പെട്രോള്‍ എന്ജിന്, 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് എന്നിവയാണ് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.






