
ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ താരമാണ് ദിവ്യ പിള്ള. നടന് വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. പിന്നീട് മലയാളത്തിലെ മുന്‍നിര നടന്മാരുടെ നായികയായി താരം അഭിനയിച്ചു കഴിഞ്ഞു. പൃഥ്വിരാജ്, ജയറാം, ടോവിനോ, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകളില്‍ ദിവ്യ അഭിനയിച്ചു. ദുബായ് ലൈഫിന് ചെറിയൊരു ഇടവേള നല്കി വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ദിവ്യ.
എന്താണ് ഈ ആത്മവിശ്വാസത്തിന്റെ രഹസ്യം?
സിനിമയ്ക്ക് അകത്തും പുറത്തും സന്തോഷത്തോടിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രതിസന്ധികളെ സധൈര്യം നേരിടുകയാണ് പതിവ്. പിന്തിരിഞ്ഞുപോവുകയോ അവയ്ക്ക് കീഴടങ്ങുകയോ ചെയ്യില്ല. എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കാനാണിഷ്ടം. ആത്മവിശ്വാസം ആര്‍ജിച്ചെടുക്കുന്നതാണ്. വീട്ടില്ലെ സാഹചര്യങ്ങള്‍ ഇതില്‍ പ്രധാന ഘടകമാണ്. കുട്ടികളില്‍ ആത്മവിശ്വാസം നിറയ്ക്കേണ്ടത് മാതാപിതാക്കളാണ്. എനിക്കത് വേണ്ടുവോളം ലഭിച്ചിട്ടുണ്ട്.
സിനിയിലെത്തിയതിനു ശേഷമുള്ള തയാറെടുപ്പുകള്‍?
ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണെങ്കിലും സിനിമയ്ക്കുവേണ്ടി ഭക്ഷണനിയന്ത്രണത്തില്‍ കുറച്ചൊക്കെ ശ്രദ്ധിച്ചു തുടങ്ങി. ഫിറ്റ്നെസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലന്നൊക്കെ വിചാരിക്കും. പക്ഷേ ഷൂട്ടിന്റെ തിരക്കുകളൊക്കെയാകുമ്പോള് മടിപിടിച്ച് വര്ക്കൗട്ട്് ചെയ്യാതിരിക്കും. മിക്കദിവസങ്ങളിലും ജിമ്മില്‍ പോകാന്‍ ശ്രമിക്കാറുണ്ട്.
പരിശീലകരുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത്. ജിമ്മിലെത്തിയാല് കുറഞ്ഞത് അരമണിക്കൂറെങ്കിലും ട്രെഡ്മില്ലില് നടക്കും. കാര്‍ഡിയോ എക്സര്‍സൈസുകളും ചെയ്യാറുണ്ട്. 'കള'യുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഓരോ ദിവസത്തെയും ഷൂട്ട് കഴിഞ്ഞ് ഹോട്ടലിലെത്തിയിയാല് ടോവിനോ വര്‍ക്കൗട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഞങ്ങളെയെല്ലാവരെയും വിളിച്ചുകൊണ്ട് പോകും. ഒരു മണിക്കൂറെങ്കിലും വര്‍ക്കൗട്ട് ചെയ്യിപ്പിക്കും. കൂട്ടത്തില്‍ ചിലരൊക്കെ മുങ്ങാന്‍ നോക്കും. എങ്കിലും എല്ലാവരുമൊരുമിച്ചുള്ള വര്‍ക്കൗട്ട് നല്ല രസമായിരുന്നു.
ദുബായില്‍ ജനിച്ചുവളര്‍ന്ന ദിവ്യ മലയാള സിനിമയിലേക്ക് എത്തിയത് എങ്ങനെ?
'അയാള്‍ ഞാനല്ല' എന്ന സിനിമയിലൂടെയാണ് ഞാന്‍ മലയാള സിനിമയിലെത്തുന്നത്. കാവ്യ മാധവന്റെ സഹോദരന് മിഥുന് വിവാഹം കഴിച്ചത് എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ്. ആ വിവാഹ റിസപ്ഷനില്‍ വച്ചാണ് വിനീതേട്ടനെ കാണുന്നത്. അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് വിനീതേട്ടന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. അതുവരെ ഷൂട്ടിങ്ങുപോലും നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. ചെറിയൊരു ടെന്‍ഷനോടെയാണ് അഭിനയിച്ചു തുടങ്ങിയത്. ഫഹദിനും ശ്രീകുമാറേട്ടനുമൊപ്പമായിരുന്നു ആദ്യ ഷോട്ട്. പിന്നീട് ജീത്തു ജോസഫ് സാറിന്റെ 'ഊഴം' എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചു. അതിനുശേഷം ഞാനൊരു ബ്രേക്കെടുത്തു.
ഇതിനിടയില്‍ സിനിമയില്‍ നിന്ന് പല ഓഫറുകള്‍ വന്നെങ്കിലും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറ്റാത്തതിനാല്‍ ആ അവസരങ്ങളൊക്കെ വേണ്ടെുന്നുവച്ചു. ആ സിനിമകളോരോന്നും പിന്നീട് കണ്ടപ്പോള്‍ അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് സങ്കടം തോന്നി. കഴിഞ്ഞ വര്‍ഷം ജോലി ചെയ്തുകൊണ്ടുതന്നെ ഗ്രേറ്റ്ഫാദര്‍, മാസ്റ്റര്‍ പീസ്, കിങ് ഫിഷ്, എടക്കാട് ബറ്റാലിയന്, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, കള എന്നിങ്ങനെ കുറച്ച് സിനിമകള്‍ ചെയ്തു.
ജോലിയും സിനിമയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകും?
ഇപ്പോള്‍ ജോലിയില്‍ നിന്ന് താല്ക്കാലികമായൊരു ബ്രേക്ക് എടുത്ത് നാട്ടില്‍ നില്‍ക്കുകയാണ്. ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന്് തിരിച്ചറിഞ്ഞപ്പോഴാണ് ദുബായ് ലൈഫിന് ചെറിയൊരു ഇടവേള നല്കാന് തീരുമാനിച്ചത്. സിനിമയാണ് പാഷനെങ്കില്‍ ആ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കൂ, അവിടെ പറ്റില്ലെന്ന്് തോന്ന്ിയാല് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്ന് പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്തത് കമ്പനി വൈസ് പ്രസിഡന്റാണ്. അദ്ദേഹവും സുഹൃത്തുക്കളും നല്കിയ ആത്മവിശ്വാസത്തിലാണ് ഞാന്‍ നാട്ടിലെത്തിയത്.
മുമ്പ് കഥ ഇഷ്ടപ്പെട്ടാലും കൂടുതല്‍ ദിവസം ഷൂട്ട് വേണ്ടി വരുന്ന ചിത്രങ്ങള്‍ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നില്ല. 15 ദിവസത്തില്‍ കൂടുതലൊന്നും ലീവ് കിട്ടില്ലെന്ന കാരണത്താല്‍ അത്രയും ദിവസം ഷൂട്ടുള്ള റോളുകളും കാമിയോ അപ്പിയറന്‍സും മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്.
സിനിമയിലെ നായകന്മാരെ കുറിച്ച് എന്താണ് അഭിപ്രായം?
സിനിമയില്‍ കാണുന്ന നടന്മാരെയൊക്കെ നേരിട്ട് കാണാന്‍ പോലും പറ്റുമെന്ന് വിചാരിച്ചതല്ല. അവരെയൊക്കെ നേരില്‍ കാണാനും ഒപ്പം അഭിനയിക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ലൊക്കേഷനിലിരിക്കുമ്പോള്‍ അവരുടെ അഭിനയത്തോടൊപ്പം വ്യക്തിപരമായ നല്ല ഗുണങ്ങളും കണ്ടുപഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഒപ്പം അഭിനയിച്ചവരൊക്കെ ഓരോ രീതിയില്‍ എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാവരും എന്നെ കംഫര്ട്ടബിളാക്കാനാണ് ശ്രമിച്ചത്.
രാജുവേട്ടനൊപ്പമൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍, ഇത്രയും വലിയൊരു നടനൊപ്പമാണല്ലോ അഭിനയിക്കുതെന്നോര്ത്ത് നെര്‍വസായിരുന്നു. 'ടെന്‍ഷനാവേണ്ട റിലാക്സ്ഡായി ചെയ്താല്‍ മതി' എന്ന് രാജുവേട്ടന് പറഞ്ഞശേഷമാണ് ടെന്‍ഷന്‍ മാറിയത്.മമ്മൂക്കയെ ആദ്യം കണ്ടത് കാരവാനില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ്. ആ കാഴ്ച ഇപ്പോഴും മനസിലുണ്ട്. ജയറാമേട്ടനൊപ്പം 'ദ ഗ്രേറ്റ് ഫാദറി'ല്‍ അഭിനയിച്ചു. ജയറാമേട്ടന്റെ പണ്ടത്തെ കോമഡി സിനിമകളുടെ ഡയലോഗുപോലും കാണാപ്പാഠം അറിയാം. അവരെ കാണുമ്പോള്‍ അതാണ് ഓര്‍മ്മ വരുത്.
വളര്‍ത്തുമൃഗങ്ങളെ വളരെ ഇഷ്ടമാണെന്ന് കേള്‍ക്കുന്നു?
മൃഗങ്ങളോടുള്ള സ്നേഹം കുട്ടിക്കാലം മുതലുണ്ട്. അവരുടെ കൂടെയിരിക്കാനും കൂട്ടുകൂടാനും ഇപ്പോഴും സമയം കണ്ടെത്തും. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും തീറ്റകൊടുക്കുന്നതും മനസില്‍ സന്തോഷം നിറയ്ക്കും. ഞാനിപ്പോള്‍ ഒരു പൂച്ചക്കുട്ടിയെ വളര്‍ത്തുന്നുണ്ട്. മൃഗങ്ങളെ സംരക്ഷിക്കു സംഘടനയില്‍ വോളണ്ടിയറാവണമെന്നുണ്ട്. ദുബായില്‍ അത്തരമൊരു സംഘടനയില്‍ അംഗമായിരുന്നു. വഴിയിലൊക്കെ മൃഗങ്ങളെ ഉപേക്ഷിക്കപ്പെട്ടു കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ചേച്ചി ചെന്നൈയിലാണ്, അവിടെ പോയപ്പോള്‍ അത്തരമൊരു ഗ്രൂപ്പിനെ കണ്ടുപിടിച്ചിട്ടുണ്ട്. ഡാഡി നാട്ടില്‍ മാവേലിക്കരയിലൊരു ഫാം നടത്തുന്നുണ്ട്.
കുടുംബത്തിന്റെ പിന്തുണ?
ഡാഡിയും മമ്മിയും ചേച്ചിയും വളരെ സപ്പോര്‍ട്ടായിരുന്നു. അവരെല്ലാം സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. ചേച്ചിയാണ് സിനിമകണ്ട് അഭിപ്രായം പറയുന്നത്. ഡാഡിയ്ക്ക് നടനാവണമൊയിരുന്നു ആഗ്രഹം. പക്ഷേ ബിസിനസിലേക്ക് തിരിഞ്ഞു. സിനിമയോടൊരു ഇഷ്ടം മനസിലുള്ളതുകൊണ്ടാവാം ഞാന്‍ അഭിനയിക്കുന്നത് ഡാഡിക്ക് വലിയ അഭിമാനമാണ്.
കരിയറിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളായതുകൊണ്ടുതന്നെ മമ്മിക്ക് ഞാന്‍ ജോലി ചെയ്യുന്നതിനോടാണ് കൂടുതല്‍ താല്പര്യം.
സിനിമപോലെ ഇഷ്ടമാണ് സിനിമയിലെ സൗഹൃദങ്ങളും. സിനിമയിലെത്തിയതിനു ശേഷം അത്തരമൊരു സൗഹൃദക്കൂട്ടം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഏതാവശ്യത്തിനും വിളിച്ചാല്‍ വിളിപ്പുറത്ത് അവരുണ്ടാകും. സിനിമ നല്കിയ ഏറ്റവും വലിയ സമ്പാദ്യവും അതാണ്.
'കള'യുടെ വിശേഷങ്ങള്‍?
ഇതുവരെ അഭിനയിച്ചതില്‍നിന്നും വ്യത്യസ്തമായി തനിനാടന്‍ പെണ്ണിന്റെ റോളാളായിരുന്നു ഈ ചിത്രത്തില്‍. ടോവിനോയുടെ ഭാര്യയായാണ് അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധായകനായ രോഹിതിന്റെ 'ഇബിലീസ്' എന്ന ചിത്രം എനിക്കൊരുപാട് ഇഷ്ടമായിരുന്നു. ആ ചിത്രത്തിന്റെ സംവിധായകന്റെ സിനിമയാണെന്ന് കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. എന്തായാലും സിനിമയും എന്റെ കഥാപാത്രവും പ്രേക്ഷകര്‍ അംഗീകിരിച്ചു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
തയാറാക്കിയത്:
അശ്വതി അശോക്