
തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിക്കല്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ രണ്ടായിരത്തിന് പിന്നാലെ 500 ന്റെ നോട്ടും ഇന്ന് എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ നോട്ടുകള്‍ എത്തിയാലുടന്‍ എടിഎമ്മുകളില്‍ നിറയ്ക്കും. മിക്ക എടിഎമ്മുകളും കാലിയായതിനാല്‍ ബാങ്കുകളുടെ മുന്നില്‍ ഇന്നും നീണ്ട ക്യൂ ആണ്.
മിക്ക എടിഎമ്മുകളിലും 100 രൂപാ നോട്ടുകള്‍ തീര്‍ന്ന നിലയിലാണ്. കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ 500 നോട്ടുകള്‍ എത്തിയിട്ടുള്ളതായി വിവരം ഉണ്ടെങ്കിലും ഇതുവരെ കിട്ടിത്തുടങ്ങിയിട്ടുമില്ല. രാജ്യത്തിന്റെ പല ഭാഗത്തും 2000 ന്റെ നോട്ടുകള്‍ നിറയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 500 ന് നേരത്തെ തന്നെ സജ്ജീകരണം ഉള്ളതിനാല്‍ മെഷീനില്‍ നിറയ്ക്കാന്‍ കാലതാമസം വരില്ലെന്നാണ് സൂചന.
പുതിയ നോട്ടുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് അറിയിപ്പും കിട്ടിയിട്ടില്ല. അതേസമയം എടിഎമ്മുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാലിയാകുന്നതിനാല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ഇന്നും നീണ്ട ക്യൂ തന്നെയാണ്. തിങ്കളാഴ്ച പണം തീര്‍ന്നതിനാല്‍ ഉച്ചയ്ക്ക് തന്നെ ബാങ്ക് അടച്ചിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടിയന്തിരമായി പണം കിട്ടിയില്ലെങ്കില്‍ ചൊവ്വാഴ്ച തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് ബാങ്കുകള്‍. കീറിയതും മുഷിഞ്ഞതുമായ നോട്ടുകളും നാണയങ്ങളും വരെ വിതരണം ചെയ്ത നിലയിലാണ് മിക്ക ബാങ്കുകളും.
പ്രതിസന്ധി തുടര്‍ന്നാല്‍ 100 ന്റെ നോട്ടുകളുടെ പൂഴ്്ത്തിവെയ്പ്പ് ഉണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ബാങ്കുകളില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് കൗണ്ടറിന് അടുത്തെത്തുമ്പോള്‍ പണം തീരുന്നതും കിട്ടാതെ മടങ്ങേണ്ടി വരുന്നതുമായ പ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാത്തുകാത്തു കിട്ടിയ 2000 നോട്ട് മാറി കിട്ടുന്നില്ല എന്ന പ്രശ്നവും ജനങ്ങളെ വലയ്ക്കുന്നുണ്ട്.






